കെ റെയില്‍: കല്ലുകള്‍ സ്ഥാപിക്കുന്നത് സാമൂഹിക ആഘാത പഠനത്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതായി ഹൈക്കോടതി
അന്തിമ വിജ്ഞാപനം പുറപ്പെടുപ്പിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഹരജിക്കാരുടെ ആരോപണങ്ങളില്‍ തുടര്‍ നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്താക്കി
കൊച്ചി: കെ റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നത് ഭൂവുടമകളുടെ അവകാശങ്ങളെ ബാധിക്കില്ലെന്നും സാമൂഹിക ആഘാത പഠത്തിനുവേണ്ടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ച നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. വസ്തു ഏറ്റെടുക്കുന്നില്ലെന്നും സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായാണ് സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.
കല്ലുകള്‍ സ്ഥാപിക്കുന്നതിലൂടെ തങ്ങളുടെ അവകാശങ്ങളെ ബാധിക്കുമെന്ന ഹരജിക്കാരുടെ വാദത്തിനു മറുപടിയായാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പു കേസ് പരിഗണിച്ചപ്പോള്‍ കല്ലിട്ടിരിക്കുന്ന വസ്തു വായ്പയ്ക്കും മറ്റും ഉപയോഗിക്കുന്നതിനു തടസമില്ലെന്നു വ്യക്തമാക്കണമെന്നു സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അന്തിമ വിജ്ഞാപനം പുറപ്പെടുപ്പിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഹരജിക്കാരുടെ ആരോപണങ്ങളില്‍ തുടര്‍ നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്താക്കി. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനു മുന്‍പു ഭൂവുടമകള്‍ക്ക് നോട്ടിസ് നല്‍കേണ്ടതായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.