സില്‍വര്‍ ലൈന്‍: കെ പദ്ധതി എന്തുകൊണ്ടു ഈ അവസ്ഥയിലായെന്ന് ഹൈക്കോടതി
സാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോട്
കൊച്ചി: സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കെ പദ്ധതി എന്തുകൊണ്ടു ഈ അവസ്ഥയിലായെന്നു ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനു തീരുമാനിച്ച രീതിയാണ് പ്രശ്‌നമായതെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ധൃതിയാണ് പദ്ധതി ഇത്തരത്തിലായതിനു കാരണമെന്നും കോടതി വ്യക്തമാക്കി. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യധൃതി കാണിച്ചുവെന്നും കോടതി അഭിപ്രായപ്പെട്ടു. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്ന് സര്‍ക്കാരും കെ റെയിലും ആലോചിക്കണം. മഞ്ഞക്കുറ്റി ഉപയോഗിച്ചുള്ള സര്‍വേ ഇനിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞത് കോടതി രേഖപ്പെടുത്തി.
കോടതി പറഞ്ഞത് സര്‍ക്കാര്‍ ആദ്യമേ കേള്‍ക്കണമായിരുന്നു. കോടതിയെ കുറ്റപ്പെടുത്താനാണ് സര്‍ക്കാര്‍ പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. കോടതി ആരുടെയും ശത്രുവല്ലെന്നും കോടതി വ്യക്തമാക്കി. സാമൂഹികാഘാത പഠനവും ജിയോ ടാഗിംഗുമായി മുന്നോട്ടു പോകുകയാണോയെന്ന് കോടതി ചോദിച്ചു. പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കണം. നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് രണ്ടാഴ്ചത്തെ സാവകാശവും കോടതി അനുവദിച്ചു. നിലപാടറിയിക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചാണ് കോടതി കൂടുതല്‍ സമയം അനുവദിച്ചത്.
കോടതി സാമൂഹികാഘാത പഠത്തിനു തടസമുണ്ടാകുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കോടതി വിധി പ്രസ്താവിക്കുന്നതിനു മുന്‍പു ആവശ്യമായ വിവരങ്ങള്‍ ബോധിപ്പിക്കണമെന്നു സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.സാമൂഹികാഘാത പഠനത്തിന് കെ റെയില്‍ കമ്പനി നടത്തുന്ന കാര്യങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്രത്തിനു ഉത്തരവാദിത്വമുണ്ടായിരിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഹരജികള്‍ അടുത്ത മാസം 10ന് പരിഗണിക്കാനായി മാറ്റി.