കെ റയില്‍ സാമൂഹികാഘാത പഠനം ബഹിഷ്‌ക്കരിക്കും: സംസ്ഥാന കെ റയില്‍ സില്‍വര്‍ വിരുദ്ധ ജനകീയ സമിതി
75 ഓളം ചോദ്യങ്ങളുള്ള രേഖയില്‍ പദ്ധതി ഉണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് ഒരു ചോദ്യം പോലുമില്ല. നിര്‍ദ്ദിഷ്ട പാതയുടെ അലൈന്‍മെന്റില്‍ പെടുന്ന ഒരാളോടും എത്ര ഭൂമി ഏറ്റെടുക്കുമെന്നോ, എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നോ സംബന്ധിച്ച യാതൊരറിയിപ്പും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിട്ടില്ല.
തിരുവനന്തപുരം: സാമൂഹികാഘാത പഠനമെന്ന പേരില്‍ കെ റയിലിനു വണ്ടി സ്വകാര്യ ഏജന്‍സി നടത്തുന്ന സര്‍വേ വെറും വിവര ശേഖരണം മാത്രമാണെന്നും ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും സംസ്ഥാന കെ റയില്‍ സില്‍വര്‍ വിരുദ്ധ ജനകീയ സമിതി കുറ്റപ്പെടുത്തി. സര്‍വ്വേ ബഹിഷ്‌കരിക്കാന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
75 ഓളം ചോദ്യങ്ങളുള്ള രേഖയില്‍ പദ്ധതി ഉണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് ഒരു ചോദ്യം പോലുമില്ല. നിര്‍ദ്ദിഷ്ട പാതയുടെ അലൈന്‍മെന്റില്‍ പെടുന്ന ഒരാളോടും എത്ര ഭൂമി ഏറ്റെടുക്കുമെന്നോ, എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നോ സംബന്ധിച്ച യാതൊരറിയിപ്പും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിട്ടില്ല. ഇതൊന്നും അറിയാതെ മറുപടി നല്‍കാന്‍ കഴിയാത്ത ചോദ്യാവലിയുമായാണ് ഏജന്‍സികള്‍ ഭൂ ഉടമകളെ സമീപിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും പ്രബുദ്ധ കേരളം ഇത് തള്ളിക്കളയുമെന്നും യോഗം വിലയിരുത്തി.
2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പ് സര്‍വ്വേ സ്വകാര്യ കുത്തകകള്‍ക്ക് ഭൂമി പിടിച്ചെടുത്തു നല്‍കാനുള്ള ഗൂഡ തന്ത്രമാണെന്നും എന്തു വില കൊടുത്തും ഈ നടപടിയെ ചെറുക്കണമെന്നും ഈ തട്ടിപ്പ് എന്തുകൊണ്ട് ബഹിഷ്‌ക്കരിക്കുന്നു എന്നു വിശദീകരിക്കുന്ന പ്രസ്താവന കുടിയൊഴിപ്പിക്കപ്പെടുന്ന മുഴുവന്‍ ജനങ്ങളും ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നല്‍കാനും തീരുമാനിച്ചു. കേരള സമൂഹം തളിക്കളഞ്ഞ കെ റയില്‍ പദ്ധതിക്കുവേണ്ടി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സംസ്ഥാന ചെയര്‍മാന്‍ എം.പി.ബാബുരാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍ രക്ഷാധികാരികളായ കെ കെ രമ എംഎല്‍എ, എം ടി തോമസ്, കെ ശൈവപ്രസാദ്, ഡോ. എം പി മത്തായി, ജോണ്‍ പെരുവന്താനം, അഡ്വ. ജോണ്‍ ജോസഫ്, വൈസ് ചെയര്‍മാന്മാരായ ടി.ടി. ഇസ്മായില്‍, ചാക്കോച്ചന്‍ മണലേല്‍, അരുണ്‍ ബാബു, വനിതാ കണ്‍വീനര്‍ ശരണ്യാ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.