കെ- സ്വിഫ്റ്റ് കന്നി യാത്രയിലെ അപകടം; ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് നീക്കി

Update: 2022-04-13 15:17 GMT

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുതുതായി സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ കന്നി യാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി. അപകടത്തില്‍പ്പെട്ട ബസ്സുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് നീക്കംചെയ്തതായി കെഎസ്ആര്‍ടിസി അറിയിച്ചു. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയ്ത കോഴിക്കോട് ട്രിപ്പ് ഏപ്രില്‍ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം കല്ലമ്പലത്തിനു സമീപം ലോറിയുമായി തട്ടി അപകടത്തില്‍പ്പെട്ടു. ആളപായമില്ല.

എന്നാല്‍, ബസ്സിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിപ്പോയി. ഇതിന് പകരം കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ച് യാത്ര തുടരുകയായിരുന്നു. ബസ് കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് അടുത്ത് വച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തില്‍പ്പെട്ടു. സൈഡ് ഇന്‍ഡിക്കേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളില്‍ ആളപയാമൊന്നുമുണ്ടായില്ല. ഏപ്രില്‍ 12ന് രാവിലെ 10.25ന് കോഴിക്കോട്- തിരുവനന്തപുരം സര്‍വീസിനിടെ മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയില്‍ വച്ചും കെ- സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. മലപ്പുറത്ത് കെ- സ്വിഫ്റ്റ് ബസ് സ്വകാര്യബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

രണ്ട് അപകടങ്ങളിലും ആളപായമില്ലെങ്കിലും കെ- സ്വിഫ്റ്റ് ബസ്സുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. അപകടം മനപ്പൂര്‍വമാണോ എന്ന് അന്വേഷിക്കും. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അപകടത്തില്‍ സ്വകാര്യബസ് ലോബിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും. അപകടമുണ്ടായതിനു കാരണം കെ- സ്വിഫ്റ്റ് ജീവനക്കാരാണെങ്കില്‍ അവര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

കെ സ്വിഫ്റ്റ് ബസ് ആദ്യദിനം തന്നെ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഡിജിപിക്ക് പരാതി നല്‍കി. മനപൂര്‍വം അപകടമുണ്ടാക്കി കെ- സ്വിഫ്റ്റ് സര്‍വീസുകളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അപകടമുണ്ടാക്കിയ ലോറി പിടിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. കോടികള്‍ വലിയുള്ള ബസ്സുകളാണ് കെ- സ്വിഫ്റ്റിന്റെ ഭാഗമായി കെഎസ്ആര്‍ടിസി റോഡിലിറക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ബസ് അപകടത്തില്‍പ്പെടുമ്പോള്‍ വലിയ നഷ്ടം കെഎസ്ആര്‍ടിസിക്കുണ്ടാവും.

Tags:    

Similar News