ജലീലും അദ്ദേഹത്തിന്റെ ഓഫിസും തെറ്റുചെയ്തിട്ടില്ല; മാറിനില്‍ക്കേണ്ട സാഹചര്യമില്ല: മുഖ്യമന്ത്രി

മന്ത്രിക്കെതിരേ പരാതികള്‍ വന്നാല്‍ അന്വേഷണ ഏജന്‍സികള്‍ അതില്‍ വ്യക്തത തേടും. അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളൂ. തെറ്റുചെയ്‌തെന്ന് കരുതുന്നില്ലെന്നും ജലീല്‍ വിഷയത്തില്‍ രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2020-09-17 14:47 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മന്ത്രി ജലീല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കെതിരേ പരാതികള്‍ വന്നാല്‍ അന്വേഷണ ഏജന്‍സികള്‍ അതില്‍ വ്യക്തത തേടും. അത് സ്വാഭാവികമാണ്. അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളൂ. തെറ്റുചെയ്‌തെന്ന് കരുതുന്നില്ലെന്നും ജലീല്‍ വിഷയത്തില്‍ രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെ എന്‍ഐഎയെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.

ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അറിയാനാണ് എന്‍ഐഎ വിളിപ്പിച്ചത്. അദ്ദേഹവുമായി സംസാരിച്ചാല്‍ മാത്രമേ വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ. റമദാന്‍ കാലത്ത് ഖുര്‍ആന്‍ നല്‍കുന്നതില്‍ അസ്വഭാവികതയില്ല. മടിയില്‍ കനമില്ല എന്നതുകൊണ്ടാണ് നേരെ പോയി ചോദ്യംചെയ്യാന്‍ ഹാജരാവുന്നത്. ഓഫിസ് സമയം ആരംഭിക്കുന്നതിന് മുമ്പ് ജലീല്‍ എന്‍ഐഎ ഓഫിസില്‍ ഹാജരായത് നിലവിലെ പ്രതിഷേധസാഹചര്യം കണക്കിലെടുത്താണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജലീല്‍ മാധ്യമങ്ങളെ അറിയിക്കാതെ രാത്രിയില്‍ ചോദ്യംചെയ്യലിനായി എറണാകുളത്തേക്ക് പുറപ്പെട്ടതില്‍ അസ്വാഭാവികതയില്ല.

സംഘര്‍ഷങ്ങളും അക്രമവും ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ വീണ്ടുവിചാരമാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്. ശരിയല്ലാത്ത മനസുകള്‍ അദ്ദേഹത്തെ വഴി നീളെ തടയാനും ജീവന്‍ അപായപ്പെടുത്താനും കാത്തിരിക്കുകയാണ്. പോലിസിന് അദ്ദേഹത്തിന്റെ ജീവന്‍ ഏതുവിധേനയും സംരക്ഷിക്കാന്‍ കഴിയും. എന്നാല്‍, താന്‍ മൂലം സമൂഹത്തിന് മറ്റൊരു പ്രശ്‌നമുണ്ടാവരുതെന്ന ചിന്തയും കരുതലുമാണ് അദ്ദേഹം കാട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ടി ജലീലിന്റെ ഇടപെടലില്‍ ഖുര്‍ആന്‍ വിതരണം ചെയ്തതാണല്ലോ പരാതിയ്ക്കിടയാക്കിയത്.

ഖുര്‍ആന്‍ വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിട്ടില്ല. സക്കാത്ത് വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. ഖുര്‍ആന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജലീലിനെയാണ് യുഎഇ കോണ്‍സുലേറ്റ് അധികൃതര്‍ ബന്ധപ്പെട്ടത്. അദ്ദേഹം അങ്ങോട്ട് ബന്ധപ്പെട്ടിട്ടില്ല. ഖുര്‍ആന്‍ ഒളിച്ചുകടത്തിവന്നതല്ല. സാധാരണ മാര്‍ഗത്തിലൂടെ വന്നതാണ്. അത് ക്ലിയര്‍ ചെയ്തുകൊടുത്തവരുണ്ട്. ഇവിടെ സ്വീകരിച്ചവരുമുണ്ട്.

അത് കഴിഞ്ഞതിനുശേഷം ഖുര്‍ആന്‍ കുറച്ചുബാക്കിയുണ്ട്. ഇത് വിതരണം ചെയ്യാന്‍ സഹായിക്കണമെന്നാണ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ മന്ത്രിയെന്ന നിലയിലാണ് കെ ടി ജലീലിനെ അവര്‍ സമീപിച്ചത്. അതില്‍ തെറ്റില്ല. കോണ്‍ഗ്രസും ബിജെപിയുമെല്ലാം അദ്ദേഹത്തിനെതിരേ പരാതി കൊടുത്തു. കോണ്‍ഗ്രസും ബിജെപിയും പരാതി കൊടുത്തത് മനസ്സിലാക്കാം. എന്നാല്‍, ലീഗ് എന്തിനാണ് ഇവര്‍ക്കൊപ്പം ഒത്തുചേര്‍ന്ന് പരാതി കൊടുത്തതെന്ന് മനസ്സിലാവുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.   

Tags:    

Similar News