കെ ടി ജലീലുമായി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയിട്ടില്ല; ആരോപണം തള്ളി മുസ്‌ലിം ലീഗ്
മലപ്പുറം: കെ ടി ജലീലുമായി പി കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ തള്ളി മുസ്‌ലിം ലീഗ്. പി കെ കുഞ്ഞാലിക്കുട്ടിയും കെ ടി ജലീലും കണ്ടത് കല്യാണ വീട്ടില്‍ വച്ചാണ്. അവിടെ എന്ത് രഹസ്യചര്‍ച്ചയാണ്. കല്യാണ വീട്ടില്‍ ഒരുമിച്ച് ഫോട്ടോയെടുത്തു. ശേഷം ബിരിയാണി കഴിച്ച് പിരിഞ്ഞു. അത്രമാത്രമാണ് സംഭവിച്ചത്. അതിനപ്പുറം ഒന്നുമുണ്ടായില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു. വ്യക്തിപരമായി ആരോടും എതിര്‍പ്പില്ല. ജലീല്‍ വിമര്‍ശിച്ചാല്‍ തിരിച്ചും വിമര്‍ശിക്കും.
പുറത്താക്കിയവര്‍ പുറത്തുതന്നെയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരുമാസം മുമ്പ് നടന്ന സംഭവം ഇപ്പോള്‍ വാര്‍ത്തയാക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു. കള്ളപ്പണ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി കെ ടി ജലീലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ലീഗ് രംഗത്തെത്തിയത്. കുടുംബത്തെയും ഉപദ്രവിക്കരുതെന്ന് കെ ടി ജലീലിനോട് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ട്.
കുറ്റിപ്പുറത്തുള്ള ഒരു വ്യവസായിയുടെ വീട്ടിലായിരുന്നു ഇരുവരും തമ്മില്‍ ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയതെന്നായിരുന്നു വാര്‍ത്തകള്‍. ഗവര്‍ണറെ സിപിഎം ഭയപ്പെടുകയാണെന്നും പി എം സലാം കുറ്റപ്പെടുത്തി. സിപിഎം നിലപാട് നിരാശാജനകമാണ്. സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാറിന് അടിമപ്പെട്ടിരിക്കുകയാണ്. കേരളീയരുടെ ആത്മാഭിമാനത്തിനാണ് ഇവിടെ ക്ഷതമേറ്റിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.