കണ്ണന്താനം മതപരിവര്‍ത്തന മാഫിയ ഏജന്റെന്ന് ആരോപണം; നിഷേധിച്ച് കണ്ണന്താനം

നേരത്തേ, ഗോസ്പല്‍ ഫോര്‍ ഏഷ്യ സ്ഥാപകന്‍ യോഹന്നാനുമായി കണ്ണന്താനത്തിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു

Update: 2019-06-01 18:59 GMT

തിരുവനന്തപുരം: ഒന്നാം മോദി മന്ത്രിസഭയില്‍ ടൂറിസം വകുപ്പ് സഹ മന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം മതപരിവര്‍ത്തന മാഫിയയുടെ ഏജന്റാണെന്ന് ആരോപണം. കരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും കൂട്ട മതംമാറ്റം നടത്തുന്ന ക്രിസ്ത്യന്‍ സഭകള്‍ക്ക് വേണ്ടി കണ്ണന്താനം ഇടപെട്ടെന്നാണ് ആരോപണം. സംഘപരിവാര അനുകൂലികളാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് പിന്‍മാറണമെന്നു അല്‍ഫോണ്‍സ് കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന ഭാരത് ടൈംസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. പിന്നാലെ, ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് തുടങ്ങിയ തീവ്രഹിന്ദു സംഘടനാ ബന്ധമുള്ള പലരും ആരോപണം ശരിവച്ച് രംഗത്തെത്തി. ആര്‍എസ്എസ് ഇക്കാര്യം തിരിച്ചറിഞ്ഞതിനാലാണ് രണ്ടാം മോദി മന്ത്രിസഭയില്‍ കണ്ണന്താനത്തിനു മന്ത്രിസ്ഥാനം നല്‍കാതിരുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു. ഹിന്ദുമതത്തില്‍ നിന്നു വന്‍തോതില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നുവെന്ന് മനസ്സിലാക്കിയ എന്‍ഡിഎ സര്‍ക്കാര്‍ ക്രിസ്ത്യന്‍ സഭകള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഏതാനും സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു.


    എന്നാല്‍ നിരോധനം നീക്കാന്‍ കണ്ണന്താനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നിരന്തരം കത്തുകളയച്ച് സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് ആരോപണം. കത്തുകളുടെ പകര്‍പ്പുകളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം പദ്ധതികളുടെ മറവില്‍ കണ്ണന്താനം ക്രിസ്ത്യന്‍ പള്ളികള്‍ക്ക് അനര്‍ഹമായ തുക നേടിക്കൊടുക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. നേരത്തേ, ഗോസ്പല്‍ ഫോര്‍ ഏഷ്യ സ്ഥാപകന്‍ യോഹന്നാനുമായി കണ്ണന്താനത്തിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേസമയം, ഇത്തരം ആരോപണങ്ങളെ നിഷേധിച്ച് കണ്ണന്താനം രംഗത്തെത്തുകയായിരുന്നു. ഞാന്‍ പക്ഷപാതപരമായി ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന അഭ്യൂഹം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നത് തെറ്റാണെന്നും സത്യത്തില്‍ നിന്നു വ്യതിചലിച്ച് ഒരു പരിഗണനയും ആര്‍ക്കും നല്‍കിയിട്ടില്ലെന്നുമാണ് കണ്ണന്താനം പറയുന്നത്. കേരളത്തില്‍ നടപ്പാക്കിയ പദ്ധതികളും അതിന് അനുവദിച്ച തുകയുടെ കണക്കും കണ്ണന്താനം അണിനിരത്തുന്നുണ്ട്.

    18 മാസത്തെ സമയം കൊണ്ട് കേരളത്തില്‍ ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ടിന് 70 കോടി, മലബാര്‍ ക്രൂയിസ് സര്‍ക്യൂട്ടിന് 80 കോടി, സ്പിരിച്വല്‍ സര്‍ക്യൂട്ടിന് 85 കോടി എന്നിങ്ങനെയാണ് ടൂറിസം മന്ത്രാലയത്തില്‍ നിന്ന് അനുവദിച്ചത്. ഇതില്‍ സ്പിരിച്വല്‍ സര്‍ക്യൂട്ടിന് അനുവദിച്ച 85 കോടി രൂപ, 77 ക്ഷേത്രങ്ങളും, 42 പള്ളികളും, 20 മുസ്‌ലിം പള്ളികളും ഉള്‍പ്പെടെ ആകെ 133 ആരാധനാലയങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് അനുവദിച്ചത്. ഈ അനുവദിച്ചതെല്ലാം അതാത് ആരാധനാലയങ്ങളുടെ ഭാഗത്തുനിന്നു സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ അടിസ്ഥാനത്തിലാണ്. വസ്തുതകള്‍ മനസ്സിലാക്കാതെ അറിഞ്ഞോ അറിയാതെയോ അടിസ്ഥാനരഹിതമായ അസത്യപ്രചാരണങ്ങളില്‍ ഭാഗഭാക്കായവര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും കണ്ണന്താനം അഭ്യര്‍ത്ഥിക്കുന്നുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുകയെന്ന് ലക്ഷ്യത്തോടെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപി ദേശീയ നേതൃത്വം കേന്ദ്ര മന്ത്രിസഭയില്‍ അംഗത്വം നല്‍കിയത്. എന്നാല്‍, ഇതിനു കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.




Tags:    

Similar News