കണ്ണൂരിലെ പാര്‍ട്ടിതിരിഞ്ഞ് കൊലവിളി; പി ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് പോലിസ്
ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനം.
കണ്ണൂര്‍: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പ്രസംഗത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ പാര്‍ട്ടി ചേരിതിരിഞ്ഞ് കൊലവിളി ഉയര്‍ന്നതോടെ സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജന്റെ സുരക്ഷ പോലിസ് വര്‍ദ്ധിപ്പിച്ചു. പി ജയരാജനൊപ്പം നിലവില്‍ ഒരു ഗണ്‍മാനാണ് ഉള്ളത്. ഇനിയുള്ള ദിവസങ്ങളില്‍ പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നു ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി.
പി ജയരാജനെതിരെ കൈയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന കൊലവിളി മുദ്രാവാക്യമാണു ബിജെപി പ്രവര്‍ത്തകര്‍ മുഴക്കിയത്. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞദിവസം ജയരാജന്‍ നടത്തിയ വിവാദ പ്രസംഗത്തിനു പിന്നാലെയാണു ബിജെപി പ്രവര്‍ത്തകരുടെ കൊലവിളി. ഗണപതിയെ അപമാനിച്ചെന്ന് ആരോപിച്ച് ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫിസിലേക്കു യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് നടത്തിയ വെല്ലുവിളി പ്രസംഗമാണു സംഭവങ്ങളുടെ തുടക്കം.
ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനം. കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്നു കരുതരുതെന്നും കെ.ഗണേഷ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.