കരമനയിലെ ദുരൂഹമരണങ്ങൾ: കാര്യസ്ഥൻ രവീന്ദ്രൻ നായർ കസ്റ്റഡിയിൽ
കരമന കൂടത്തില്‍ തറവാട്ടിൽ അവസാനം മരിച്ച ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. ഫോറൻസിക് സയൻസ് ലാബിലെ റിപോർട്ടിൽ ജയമാധവന്റെ മരണം തലക്കേറ്റ ക്ഷതം മൂലമാണെന്ന് തെളിഞ്ഞതായി അന്വേഷണ സംഘത്തിന്റെ തലവൻ ഡിസിപി മുഹമ്മദ് ആരിഫ് പറഞ്ഞു.
തിരുവനന്തപുരം: കരമനയിലെ കൂട്ടമരണത്തിലും സ്വത്ത് തട്ടിപ്പ് കേസിലും ഒന്നാം പ്രതിയായ കാര്യസ്ഥൻ രവീന്ദ്രൻ നായരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കരമന കൂടത്തില്‍ തറവാട്ടിൽ അവസാനം മരിച്ച ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. ഫോറൻസിക് സയൻസ് ലാബിലെ റിപോർട്ടിൽ ജയമാധവന്റെ മരണം തലക്കേറ്റ ക്ഷതം മൂലമാണെന്ന് തെളിഞ്ഞതായി അന്വേഷണ സംഘത്തിന്റെ തലവൻ ഡിസിപി മുഹമ്മദ് ആരിഫ് പറഞ്ഞു. മരണത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നത് പരിശോധിച്ച് വരികയാണ്. ഇതിനായി ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും ഡിസിപി പറഞ്ഞു.
കൂടത്തിൽ തറവാട്ടിൽ തുടർച്ചയായി നടന്ന ഏഴു മരണങ്ങളിൽ ദുരുഹതയുണ്ടെന്നും സ്വത്തുവകകൾ തട്ടിയെടുത്തെന്നും ബന്ധുക്കൾ പരാതി നൽകിയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി കൂടത്തില്‍ തറവാട് ക്രൈംബ്രാഞ്ച് ഇന്ന് രാവിലെ തുറന്ന് പരിശോധിച്ചിരുന്നു. ഫോറന്‍സിക് സംഘവും പരിശോധനക്കെത്തി. വീട്ടിലെ വേലക്കാരി ലീലയെയും സ്ഥലത്തെത്തിച്ചു. ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ച് വീണ സ്ഥലവും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഈ വീടിന്റെ താക്കോല്‍ കൈവശം വെച്ചിരുന്ന രവീന്ദ്രന്‍ നായരോട് താക്കോല്‍ പോലിസിനെ ഏല്‍പ്പിക്കാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. രവീന്ദ്രന്‍ നായരുടെ മൊഴികളിലുള്ള വൈരുധ്യം സംഭവങ്ങളിലുള്ള ദുരൂഹത വര്‍ധിപ്പിക്കുകയാണ്. സ്വത്ത് തട്ടിയെടുത്തതിന് കാര്യസ്ഥൻമാരായ രവീന്ദ്രന്‍ നായരും സഹദേവനുമടക്കം 12 പേര്‍ കേസില്‍ പ്രതികളാണ്.