കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും
അര്‍ജ്ജുന്‍ ആയങ്കിയുടെ കസ്റ്റഡി കസ്റ്റംസ് കോടതിയില്‍ നീട്ടി ചോദിക്കുമെന്നാണ് സൂചന.നേരത്തെ 14 ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും ജൂലൈ ആറു വരെ മാത്രമാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. കസ്റ്റഡി കാലാവധി നീട്ടീ വാങ്ങാനൊരുങ്ങി കസ്റ്റംസ്. ഇന്ന് ഉച്ചയോടെ അര്‍ജ്ജുന്‍ ആയങ്കിയെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.കഴിഞ്ഞ മാസം 28 ന് അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയെ 29 നാണ് കസ്റ്റംസിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടത്.
14 ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും ജൂലൈ ആറു വരെ മാത്രമാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.തുടര്‍ന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ വെച്ച് കേസില്‍ ആദ്യ അറസ്റ്റിലായ മുഹമ്മദ് ഷെഫീഖിനൊപ്പമിരുത്തിയും അര്‍ജ്ജുന്‍ ആയങ്കിയെ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂരിലെ അര്‍ജ്ജുന്‍ ആയങ്കിയുടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.അര്‍ജ്ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെത്താന്‍ കസ്റ്റംസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ഫോണ്‍ ഉള്‍പ്പെടെയുള്ളവ നശിപ്പിച്ചതിനു ശേഷമായിരുന്നു അര്‍ജ്ജുന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായിരുന്നത്.
പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ഫോണ്‍ പുഴയിലെറിഞ്ഞു കളഞ്ഞുവെന്നായിരുന്നു മൊഴി നല്‍കിയത്. സ്വര്‍ണക്കടത്തുകാരില്‍ നിന്നും തട്ടിയെടുക്കുന്ന സ്വര്‍ണത്തിന്റെ ഒരു വിഹിതം ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി,മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് നല്‍കിയിരുന്നുവെന്നും അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു.
ഇതു പ്രകാരം മുഹമ്മദ് ഷാഫിയെയം കൊടി സുനിയിയെും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ് .മുഹമ്മദ് ഷാഫി പരോളിലും കൊടി സുനി ജെയിലിലുമാണ്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മുഹമ്മദ് ഷാഫിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഷാഫിയുടെ കണ്ണൂരിലെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
നേരത്തെ അര്‍ജ്ജുന്‍ ആയങ്കിയുടെ ഒപ്പമുണ്ടായിരുന്ന യൂസഫ് എന്നാള്‍ക്കും കസ്റ്റംസ് ചോദ്യം ചെയ്‌ലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇയാള്‍ പിന്നീട് അര്‍ജ്ജൂന്‍ ആയങ്കിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു.മുഹമ്മദ് ഷെഫീഖ് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ദിവസം ഇത് തട്ടിയെടുക്കാന്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘവും ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കും നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം
.അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ ഇന്നലെ കസ്റ്റംസ് കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. അര്‍ജ്ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചായിരുന്നു പ്രധാനമായും കസ്റ്റംസ് ഇവരോട് ചോദിച്ചതെന്നാണ് വിവരം.അര്‍ജ്ജുന്‍ ആയങ്കിയുടെ ബിനാമിയെന്ന് പറയുന്ന ഡിവൈഎഫ് ഐയുടെ പ്രാദേശിക നേതാവായിരുന്ന സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.