കര്‍ണാടക നടപടി ഹീനവും വംശീയ വിദ്വേഷം നിറഞ്ഞതും: വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2020-04-05 13:08 GMT

തിരുവനന്തപുരം: തലപ്പാടി അടക്കമുള്ള കേരള അതിര്‍ത്തികള്‍ തുറക്കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്യാതിരുന്നിട്ടും അവശ്യകാര്യങ്ങള്‍ക്കായി അതിര്‍ത്തി തുറക്കാനാവില്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ സമീപനം ഹീനവും വംശീയ വിദ്വേഷം നിറഞ്ഞതുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കര്‍ണാടക ഭരിക്കുന്ന ബിജെപി പിന്തുടരുന്ന വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം വച്ചാണ് പ്രതിസന്ധി നിറഞ്ഞ ഇക്കാലത്തും കര്‍ണാടക സര്‍ക്കാര്‍ പെരുമാറുന്നത്. കാസര്‍കോഡ് ജില്ലയിലെ ജനങ്ങള്‍ ചികില്‍സയ്ക്കായി ഏറെ ആശ്രയിക്കുന്നത് കര്‍ണാടകയിലെ മംഗലാപുരത്തെയാണ്. ഇതിനോടകം 7 പേരാണ് ചികില്‍സ ലഭിക്കാതെ മരിച്ചത്. കേരളത്തിലാകെ കൊറോണ ബാധിച്ച് 2 പേര്‍ മാത്രം മരിച്ചപ്പോഴാണ് കര്‍ണാടക സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ സമീപനം മൂലം ഏഴ് പേരുടെ ജീവന്‍ നഷ്ടമായത്.

    ജനാധിപത്യത്തേയോ രാഷ്ട്രത്തിന്റെ ഫെഡറല്‍ വ്യവസ്ഥയേയോ നീതി വ്യവസ്ഥയെയോ അംഗീകരിക്കാത്ത കര്‍ണാടക സര്‍ക്കാര്‍ തങ്ങളുടെ നിലപാട് തിരുത്തണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനവും നിരുത്തരവാദപരമാണ്. കര്‍ണാടകയിലെ ജനങ്ങളുടെ ചികില്‍സയും അടിസ്ഥാന ജീവിതാവകാശങ്ങളും നിഷേധിക്കുന്ന ഈ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടിനെതിരേ കേന്ദ്രം നടപടി സ്വീകരിക്കണം. കാസര്‍കോഡ് ജില്ലയിലെ ആരോഗ്യമേഖലയിലെ ശോചനീയതയും മംഗലാപുരത്തെ ആശ്രയിക്കുന്നതിന് കാരണമാണ്. കാലങ്ങളായി സംസ്ഥാന സര്‍ക്കാരുകള്‍ കാസര്‍കോഡിനോട് ചെയ്ത അവഗണനയുടെ തിക്തഫലമാണ് ഇന്ന് ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. ഇനിയെങ്കിലും ദീര്‍ഘവീക്ഷണത്തോടെ കാസര്‍കോഡിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ കേരളാ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Tags:    

Similar News