കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങളിലേക്കും അന്വേഷണം നീളുന്നു
സിപിഎം ബ്രാഞ്ച് യോഗത്തിലെ ശബ്ദരേഖയിൽ പരാമർശിക്കുന്നത് തട്ടിപ്പ് സംബന്ധിച്ച് ഭരണസമിതി പ്രസിഡൻറിന് അറിയാമായിരുന്നെന്നാണ്.
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമിതി അംഗങ്ങളിൽ ചിലരിലേക്ക് അന്വേഷണം നീളുന്നു. പ്രതിചേർക്കപ്പെട്ടവർ വ്യാജ ഒപ്പിട്ടും വ്യാജരേഖയുണ്ടാക്കിയുമാണ് തട്ടിപ്പ് നടത്തിയതെന്നായിരുന്നു വാദം. എന്നാൽ, നിരവധി തവണ തട്ടിപ്പ് നടന്നതിന്റെ തെളിവുകൾ കണ്ടെത്തിയതിന്റെയും തട്ടിപ്പ് നേരത്തേതന്നെ ഭരണസമിതി അറിഞ്ഞിരുന്നെന്ന വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം.
ഭരണസമിതി അംഗങ്ങളിൽ പലർക്കും ഇക്കാര്യത്തിൽ വ്യക്തമായി അറിവുണ്ടായിരുന്നെന്നും തട്ടിപ്പിന്റെ പങ്ക് പറ്റിയിട്ടുണ്ടോയെന്നുമാണ് അന്വേഷണസംഘം സംശയിക്കുന്നത്. പരാതി നൽകി മൂന്നാഴ്ചയിലെത്തുമ്പോഴും കാര്യമായി ഭരണസമിതി അംഗങ്ങളുടെ മൊഴിയെടുത്തിട്ടില്ല.
അവരെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. സിപിഎം ബ്രാഞ്ച് യോഗത്തിലെ ശബ്ദരേഖയിൽ പരാമർശിക്കുന്നത് തട്ടിപ്പ് സംബന്ധിച്ച് ഭരണസമിതി പ്രസിഡൻറിന് അറിയാമായിരുന്നെന്നാണ്. പ്രതികളുടെ ഇടപാടുകൾ സംബന്ധിച്ചും ബാങ്കിലെത്തിയതും പോയതുമായ പണത്തെ സംബന്ധിച്ചും ഇ ഡി നടത്തുന്ന അന്വേഷണത്തിന്റെ പരിധിയിലും ഭരണസമിതി അംഗങ്ങളുണ്ട്.
സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ 100 കോടിയിലധികവും അനൗദ്യോഗിക കണക്കിൽ 300 കോടിയിലധികവും ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ. നേരത്തേ ജോ. രജിസ്ട്രാർ നടത്തിയ അന്വേഷണത്തിന് പുറമെ, സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.