കാസര്‍ഗോട്ടെ ഭക്ഷ്യവിഷബാധ; ചിക്കന്‍ എത്തിച്ചു നല്‍കിയ സ്ഥാപനം അടച്ചുപൂട്ടി

ഐഡിയല്‍ കൂള്‍ബാറിലേക്ക് ചിക്കന്‍ എത്തിച്ചു നല്‍കിയ ബദരിയ ചിക്കന്‍ സെന്റര്‍ അധികൃതര്‍ അടച്ചുപൂട്ടി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റേതാണ് നടപടി. സംഭവത്തില്‍ ശാസ്ത്രീയ പരിശോധന തുടരുകയാണെന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍ സുജയന്‍ കെ ട്വന്റിഫോറിനോട് പറഞ്ഞു.

Update: 2022-05-02 09:39 GMT

കാസര്‍കോട്: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് പതിനാറുകാരി മരിച്ച സംഭവത്തില്‍ നടപടി കടുപ്പിച്ച് അധികൃതര്‍. ഐഡിയല്‍ കൂള്‍ബാറിലേക്ക് ചിക്കന്‍ എത്തിച്ചു നല്‍കിയ ബദരിയ ചിക്കന്‍ സെന്റര്‍ അധികൃതര്‍ അടച്ചുപൂട്ടി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റേതാണ് നടപടി. സംഭവത്തില്‍ ശാസ്ത്രീയ പരിശോധന തുടരുകയാണെന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍ സുജയന്‍ കെ ട്വന്റിഫോറിനോട് പറഞ്ഞു.

ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ക്കെതിരേ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍. കോഴിയിറച്ചിയില്‍ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളില്‍ നിന്നാണെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇറച്ചിക്കടകളില്‍ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മരക്കുറ്റികളില്‍ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിര്‍ലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്. പകുതി വേവിക്കുന്ന ഷവര്‍മ്മ ഇറച്ചിയില്‍ ബാക്ടീരിയകള്‍ നശിക്കുന്നില്ലെന്നും

ശുചിത്വ മിഷന്‍ മാസ്റ്റര്‍ ഫാക്കല്‍റ്റിയും മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി ഡയറക്ടറുമായ ഡോ.പി വി മോഹന്‍ പറഞ്ഞു.

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ നടപടി കടുപ്പിക്കുന്നത്. നാരായണന്‍- പ്രസന്ന ദമ്പതികളുടെ 16കാരിയായ മകള്‍ ദേവനന്ദയാണ് ഇന്നലെ മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. 15 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    

Similar News