കഥകളി കലാകാരനെ ആക്രമിച്ച് സ്വര്‍ണ്ണവും ബൈക്കും മോഷ്ടിച്ച സംഭവം: നാലംഗ സംഘം പിടിയില്‍

ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേല്‍ വീട്ടില്‍ ബാലു (22), കിടങ്ങയത്ത് വീട്ടില്‍ ശരത് (20) , മേലൂര്‍ പ്ലാക്ക വീട്ടില്‍ അഖില്‍ (18), നാലുകെട്ട് പുത്തന്‍ പുരക്കല്‍ അനീറ്റ് ജോയി (21) എന്നിവരെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്

Update: 2021-10-24 12:35 GMT

കൊച്ചി: കഥകളി കലാകാരാനായ യുവാവിനെ ആലുവ മണപ്പുറത്തിനു സമീപം വച്ച് മര്‍ദ്ദിച്ച് സ്വര്‍ണ്ണമാലയും, മൊബൈല്‍ ഫോണും, ബൈക്കും മോഷ്ടിച്ച നാലംഗ സംഘം അറസ്റ്റില്‍. ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേല്‍ വീട്ടില്‍ ബാലു (22), കിടങ്ങയത്ത് വീട്ടില്‍ ശരത് (20) , മേലൂര്‍ പ്ലാക്ക വീട്ടില്‍ അഖില്‍ (18), നാലുകെട്ട് പുത്തന്‍ പുരക്കല്‍ അനീറ്റ് ജോയി (21) എന്നിവരെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 18 ന് രാത്രിയാണ് സംഭവം. കഥകളിയിലെ മദ്ദള കലാകാരനായ ജിതിന്‍ ചന്ദ്രന്‍ ബസ് സ്റ്റാന്റ് പരിസരത്ത് ബൈക്ക് വച്ച് ചെര്‍പ്പളശേരിയില്‍ കഥകളിക്കു പോയി. തിരിച്ചു വന്നപ്പോള്‍ അങ്കമാലിയിലാണ് ബസ്സിറങ്ങിയത്. സ്റ്റാന്റില്‍ വച്ച് പരിചയപ്പെട്ട ഈ സംഘവുമൊത്താണ് ആലുവയിലേക്ക് എത്തിയത്. ഇവര്‍ ജിതിനെ മണപ്പുറത്തെത്തിച്ച് മര്‍ദ്ദിക്കുകയും മാലയും മൊബൈലും സ്റ്റാന്റിന്റെ പരിസരത്തിരുന്ന ബൈക്കും ആയി കടന്നു കളഞ്ഞു. അവശനായ ഇയാള്‍ റോഡിലെത്തി പോലിസിനെ അറിയിക്കുകയായിരുന്നു.

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. ഇരുപത്തിയഞ്ചോളം സിസി ടിവി കാമറകളും, വാഹനങ്ങളും പരിശോധിച്ചും നിരവധി പേരെ ചോദ്യം ചെയ്തുമാണ് പ്രതികളിലേക്കെത്തിയത്.

അച്ചനെ കൊലപ്പെടുത്തിയതുള്‍പ്പടെ എട്ട് കേസുകളിലെ പ്രതിയാണ സംഘത്തലവനായ ബാലുവെന്ന് പോലിസ് പറഞ്ഞു. ഇവര്‍ മോഷ്ടിച്ച ബൈക്ക് കളമശ്ശേരിയില്‍ നിന്നും കണ്ടെടുത്തു. രണ്ടര പവന്റെ മാല തൃശൂരില്‍ എണ്‍പതിനായിരം രൂപയ്ക്ക് വിറ്റെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ് ഐമാരായ ആര്‍ വിനോദ്, ജോയി മത്തായി, പി കെ ശിവാസ്, എ എസ് ഐ സോജി സിപിഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, ഹാരിസ്, കെ ബി സജീവ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

Tags:    

Similar News