ക്രൈസ്തവ വിവാഹ നിയമ നിര്‍മ്മാണത്തിനുവേണ്ടി ബില്ല് തയ്യാറാക്കി നല്‍കിയിരിക്കുന്നത് ദുരുദ്യേശപരമാണെന്ന് കെസിബിസി

നാളിതുവരെ ക്രൈസ്തവര്‍ ആരും തന്നെ നിലവിലെ വിവാഹനിയമത്തെ ചോദ്യം ചെയ്തിട്ടില്ല. പൗരന്റെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അനാവശ്യവുമാണ് ഈ നീക്കം. ക്രൈസ്തവ സമൂഹത്തിന്റെ കെട്ടുറപ്പിനെ ശിഥിലമാക്കാനുള്ള ചില ശക്തികളുടെ ശ്രമം ഇതിന്റെ പിന്നിലുണ്ടെന്നു സംശയിക്കുന്നു

Update: 2021-12-09 15:39 GMT

കൊച്ചി: കേരളത്തിലെ ക്രൈസ്തവര്‍ക്കു മാത്രമായി ഒരു വിവാഹ നിയമം ഉണ്ടാക്കേണ്ട സാഹചര്യം നിലവിലില്ലാതിരിക്കെ, സംസ്ഥാന നിയമപരിഷ്‌ക്കരണ കമ്മീഷന്‍ ക്രൈസ്തവ വിവാഹ നിയമ നിര്‍മ്മാണത്തിനുവേണ്ടി ഒരു ബില്ല് തയ്യാറാക്കി നല്‍കിയിരിക്കുന്നത് ദുരുദ്യേശപരമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി ശീതകാല സമ്മേളനം വ്യക്തമാക്കി.നാളിതുവരെ ക്രൈസ്തവര്‍ ആരും തന്നെ നിലവിലെ വിവാഹനിയമത്തെ ചോദ്യം ചെയ്തിട്ടില്ല. പൗരന്റെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അനാവശ്യവുമാണ് ഈ നീക്കം. ക്രൈസ്തവ സമൂഹത്തിന്റെ കെട്ടുറപ്പിനെ ശിഥിലമാക്കാനുള്ള ചില ശക്തികളുടെ ശ്രമം ഇതിന്റെ പിന്നിലുണ്ടെന്നു സംശയിക്കുന്നതില്‍ തെറ്റില്ലെന്നും സമ്മേളനം വ്യക്തമാക്കി.

തീരദേശനിവാസികളുടെ ആശങ്കകള്‍ ഗൗരവമായി കാണുവാന്‍ ബന്ധപ്പെട്ടവര്‍ താല്‍പര്യമെടുക്കണം. കേരള ഹൈക്കോടതി ഈ അടുത്തകാലത്ത് പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണ്. തീരശോഷണത്തിന്റെ കാരണങ്ങളും അത് ഉയര്‍ത്തുന്ന പ്രത്യാഘാതങ്ങളും തീരപരിപാലന വിജ്ഞാപനം ഉയര്‍ത്തുന്ന പ്രതിസന്ധികളും പരിഗണിച്ച കോടതി സര്‍ക്കാരിനോട് പരാതികളിന്മേല്‍ സത്വരമായ നടപടികള്‍ സ്വീകരിച്ച് തീരദേശവാസികളുടെ ആശങ്ക ശാശ്വതമായി പരിഹരിക്കണമെന്ന്  ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പെട്ടന്നു തന്നെ തീരുമാനമെടുക്കണം.മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സത്വരമായി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പൗരോഹിത്യ സുവര്‍ണജൂബിലിയുടെയും മെത്രാഭിഷേക രജതജൂബിലിയുടെയും നിറവില്‍ ആയിരിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, പൗരോഹിത്യ സുവര്‍ണജൂബിലി നിറവില്‍ ആയിരിക്കുന്ന ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന ബിഷപ് വിന്‍സന്റ് സാമുവല്‍ എന്നിവരെ സമ്മേളനം പൊന്നാട അണിയിച്ച് ആദരിച്ചു.ഇന്ത്യയുടെ സംയുക്ത സേനാതലവന്‍ വിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ കെസിബിസി അനുശോചനം രേഖപ്പെടുത്തി.

കാലാവധി പൂര്‍ത്തിയായതിനാല്‍ സ്ഥാനമൊഴിയുന്ന നിലവിലെ കമ്മീഷന്‍ സെക്രട്ടറിമാര്‍ക്ക് പകരം പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുത്തു. ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി സി. ഡോ. ലില്ലിസാ, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ജോജു കൊക്കാട്ട്, ഫാമിലി കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, അല്‍മായ കമ്മീഷന്‍ സെക്രട്ടറിയായി പ്രഫ. കെ എം ഫ്രാന്‍സീസ്, സാരഥിയുടെ ഡയറക്ടറായി ഫാ. ഷിന്റോ, ജീസസ് ഫ്രട്ടേര്‍ണിറ്റിറ്റിയുടെ ഡയറക്ടറായി ഫാ. മാര്‍ട്ടിന്‍ തട്ടില്‍, സിഎല്‍സി യുടെ പ്രമോട്ടറായി ഫാ. ഫ്രജോ വാഴപ്പിള്ളി, പാസ്റ്ററല്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡീന്‍ ഓഫ് സ്റ്റഡീസ് ആയി ഫാ. ടോണി കോഴിമണ്ണില്‍, എന്നിവരെ പുതുതായി നിയമിച്ചു. വനിതാകമ്മീഷന്‍ മീഡിയാ കമ്മീഷന്‍, ലേബര്‍ കമ്മീഷന്‍, യൂത്ത് കമ്മീഷന്‍, കെസിഎസ്എല്‍ എന്നീ കമ്മീഷന്‍ സെക്രട്ടറിമാരുടെ സേവന കാലാവധി അടുത്ത മൂന്നുവര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു നല്‍കി.

Tags:    

Similar News