ക്ലബ് ഹൗസിലെ മുസ്‌ലിം വിരുദ്ധ വര്‍ഗീയ ചര്‍ച്ചകളുമായി ബന്ധമില്ലെന്ന് കെസിവൈഎം
ചില രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അവരുടെ വര്‍ഗീയ അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍, കെസിവൈഎം പ്രസ്ഥാനത്തിനെതിരേ നടത്തുന്ന അടിസ്ഥാനരഹിത ആരോപണങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ വിചിന്തനം ചെയ്യണമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കോട്ടയം: നവമാധ്യമരംഗത്ത് തരംഗമായി മാറിയ ക്ലബ് ഹൗസ് ആപ്പില്‍ സംഘടനയുടെ പേരില്‍ നടക്കുന്ന മുസ്‌ലിം വിരുദ്ധ ചര്‍ച്ചകളുമായി യാതൊരു ബന്ധമില്ലെന്ന് ക്രിസ്ത്യന്‍ യുവജന സംഘടനയായ കെസിവൈഎം. ക്ലബ് ഹൗസ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ പ്രസ്ഥാനത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വര്‍ഗീയ ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുകയാണെന്നും കത്തോലിക്ക സഭയുമായി ബന്ധമില്ലാത്ത ചില സംഘടനകള്‍ ക്രിസ്ത്യന്‍ കോ-ഓഡിനേഷന്‍ കൗണ്‍സില്‍ എന്ന കമ്മിറ്റി രൂപീകരിച്ചാണ് വര്‍ഗീയപ്രചരണങ്ങള്‍ നടത്തുന്നതെന്നും കെസിവൈഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അടുത്ത കാലത്തായി രൂപീകരിച്ച ഇത്തരം അക്കൗണ്ടുകളുമായോ കൂട്ടായ്മകളുമായോ കെസിവൈഎം സംസ്ഥാന സമിതിക്കോ കെസിവൈഎമ്മിന്റെ രൂപതാ ഫൊറോന യൂനിറ്റ് നേതൃത്വങ്ങള്‍ക്കോ യാതൊരുവിധ പങ്കുമില്ല. ക്രിസ്ത്യന്‍ കോ-ഓഡിനേഷന്‍ കൗണ്‍സിലുമായി യാതൊരു ബന്ധവുമില്ലെന്ന് എകെസിസി പ്രതിനിധികളുടെ ഭാഗത്തുനിന്നും ഉറപ്പുലഭിച്ചിട്ടുണ്ട്. യുവജനങ്ങള്‍ സജീവമായ ഇത്തരം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിശ്ചിത അജണ്ടയോടെയാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.
ചില രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അവരുടെ വര്‍ഗീയ അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍, കെസിവൈഎം പ്രസ്ഥാനത്തിനെതിരേ നടത്തുന്ന അടിസ്ഥാനരഹിത ആരോപണങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ വിചിന്തനം ചെയ്യണമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രം പ്രതികരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വരുന്നവരുടെ ലക്ഷ്യങ്ങള്‍ സംശയദൃഷ്ടിയോടെ മാത്രമേ നോക്കിക്കാണാന്‍ സാധിക്കൂ.
ക്രൈസ്തവ യുവജനങ്ങള്‍ക്ക് തെറ്റായ ചിന്തകളും ആഹ്വാനങ്ങളും നല്‍കുന്ന ഇത്തരം പ്രവണതകള്‍ ഇനിയും ആവര്‍ത്തിക്കപ്പെട്ടാല്‍ ശക്തമായ നടപടികളുമായി കെസിവൈഎം മുന്നോട്ടുപോവും. കത്തോലിക്കാസഭ അംഗീകരിച്ചിട്ടില്ലാത്ത ഒരു സംവിധാനങ്ങളുമായി കെസിവൈഎം ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ക്രിസ്ത്യന്‍ യുവാക്കളെ ഇതിലേ, കെസിവൈഎം എന്ന തലക്കെട്ടോടെയായായിരുന്നു ക്ലബ് ഹൗസില്‍ ചര്‍ന്ന നടന്നത്. ലൗ ജിഹാദ് കേരളത്തില്‍ സജീവമായി നടക്കുന്നുണ്ടെന്നും നാലായിരത്തോളം ക്രിസ്ത്യന്‍ യുവതികള്‍ ലൗ ജിഹാദിന് ഇരയായെന്നും ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ചര്‍ച്ചയ്‌ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കെസിവൈഎം രംഗത്തുവന്നത്.