കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പടെ മികച്ച പദ്ധതികളുമായി കെല്‍ട്രോണ്‍ സംസ്ഥാനത്തിന് പുറത്തേക്ക്
അരുണാചല്‍പ്രദേശ് നിയമസഭയില്‍ 'ഇ-വിധാന്‍' പദ്ധതിയില്‍പ്പെട്ട ഓഫീസ് ആട്ടോമേഷന്‍ സംവിധാനം നടപ്പിലാക്കുന്നതിന് 20.10 കോടി രൂപയുടെ ഓര്‍ഡര്‍ കെല്‍ട്രോണിനു ലഭിച്ചു.
തിരുവനന്തപുരം: രാജ്യമൊട്ടാകെ ബിസിനസ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെല്‍ട്രോണ്‍ ഇതര സംസ്ഥാനങ്ങളില്‍ മികച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നു. അരുണാചല്‍പ്രദേശ് നിയമസഭയില്‍ 'ഇ-വിധാന്‍' പദ്ധതിയില്‍പ്പെട്ട ഓഫീസ് ആട്ടോമേഷന്‍ സംവിധാനം നടപ്പിലാക്കുന്നതിന് 20.10 കോടി രൂപയുടെ ഓര്‍ഡര്‍ കെല്‍ട്രോണിനു ലഭിച്ചു. നിയമസഭയിലുള്ള വീഡിയോ കോണ്‍ഫറന്‍സിങ്, ഗേറ്റ് പാസ്സ്, പേയ്മെന്റ് തുടങ്ങിയ ഓഫീസ് നടപടികള്‍ ഈ പദ്ധതിയിലൂടെ സുഗമമായി നടത്താനാകും. ഗുജറാത്തിലെ അഹമ്മദാബാദ്, ഭാവ്നഗര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 57 ജങ്ഷനുകളില്‍ ട്രാഫിക്ക് സിഗ്നലുകള്‍ സ്ഥാപിച്ച് പരിശോധിച്ച് പരിപാലിക്കുന്നതിനും ഏഴ് വര്‍ഷത്തേക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനും കെല്‍ട്രോണിനു 15.87 കോടി രൂപയുടെ ഓര്‍ഡറും ലഭിച്ചിട്ടുണ്ട്.
ട്രാഫിക്ക് സിഗ്നലുകള്‍ സ്ഥാപിച്ച് പരിപാലിക്കുന്നതിന് അഹമ്മദാബാദില്‍ നിന്നും 21 കോടി രൂപയുടെ മറ്റു രണ്ടു ഓര്‍ഡറുകള്‍ കൂടി കെല്‍ട്രോണ്‍ പ്രതീക്ഷിക്കുന്നു. കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷനില്‍ നിന്നും കെല്‍ട്രോണിനു 25 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ മികവു തെളിയിച്ചിട്ടുള്ള ഇന്റലിജന്റ് ട്രാഫിക്ക് മാനേജ്മെന്റ് സിസ്റ്റം സ്മാര്‍ട്ട് സിറ്റി മിഷന്റെ ഭാഗമായി കൊച്ചിയിലെ പ്രധാനപ്പെട്ട 35 ജങ്ഷനുകളില്‍ സ്ഥാപിക്കുന്നതിനാണ് ഓര്‍ഡര്‍. ഏരിയ ട്രാഫിക്ക് കണ്‍ട്രോള്‍, കാമറ സംവിധാനം, റെഡ് ലൈറ്റ് ലംഘിക്കുന്നത് കണ്ടെത്താനുള്ള സംവിധാനം, വേരിയബിള്‍ മെസ്സേജ് സംവിധാനം, കണ്‍ട്രോള്‍ റൂം എന്നിവ ഉള്‍പ്പെടുന്ന ഇന്റലിജന്റ് ട്രാഫിക്ക് മാനേജ്മെന്റ് സിസ്റ്റം സ്ഥാപിച്ച് പരിപാലിക്കുന്നതിനും അഞ്ചു വര്‍ഷത്തേക്കുള്ള അതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമാണ് ഓര്‍ഡര്‍. ഈ പദ്ധതിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഏറണാകുളം നോര്‍ത്ത് പോലിസ് സ്റ്റേഷനിലാണ് സ്ഥാപിക്കുന്നത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഇഎല്‍, ആറോളം വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ എന്നിവരുമായി ടെണ്ടറില്‍ മത്സരിച്ചാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്റെ ഓര്‍ഡര്‍ കെല്‍ട്രോണ്‍ സ്വന്തമാക്കിയത്. ഓര്‍ഡര്‍ പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ കെല്‍ട്രോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും.