കേരളത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളോട് നിസംഗത പുലര്‍ത്തുന്ന ബജറ്റ്: വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2020-02-07 13:49 GMT

തിരുവനന്തപുരം: കേരളത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളോട് നിസംഗത പുലര്‍ത്തി, പ്രഖ്യാപന ഗിമ്മിക്കുകള്‍ മാത്രമാണ് തോമസ് ഐസക് അവതരിപ്പിച്ച കേരളാ ബജറ്റെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു പദ്ധതിയും നിര്‍ദേശവും ബജറ്റിലില്ല. തൊഴിലില്ലായ്മ നേരിടാനുതകുന്ന ഭാവനാസമ്പന്നമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ആശ്രിതരെയെല്ലാം തൃപ്തിപ്പെടുത്താനായി നിരവധി കാബിനറ്റ് തസ്തികള്‍ സൃഷ്ടിച്ച് മന്ത്രിമാരും പരിവാരങ്ങളും ഉന്നത ഉദ്യോഗസ്ഥരും നാലുവര്‍ഷം ധൂര്‍ത്തും ദുര്‍വ്യയുമായി കഴിഞ്ഞ ശേഷം അഞ്ചാം വര്‍ഷം ചെലവ് ചുരുക്കുമെന്ന് പറയുന്നത് പരിഹാസ്യമാണ്. ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചതും കെട്ടിട നികുതി വര്‍ധിപ്പിച്ചതും സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഭാരമാണ് സൃഷ്ടിക്കുക.

    ലക്ഷ്യംവച്ച നികുതി ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ചെലവ് ചുരുക്കാന്‍ ബജറ്റിലൂടെ തൊഴില്‍ ലഭ്യതയെ ചുരുക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് ഭൂരഹിതരുടെ കാര്യത്തില്‍ സമ്പൂര്‍ണ മൗനമാണ് ബജറ്റ് പുലര്‍ത്തുന്നത്. മുന്‍ വര്‍ഷത്തെ പ്രളയ പുനരധിവാസ പദ്ധതികളടക്കം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളുടെ ഗതിയെന്താവുമെന്ന് കണ്ടറിയണം. പഞ്ചായത്ത് തിരരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും. രാജ്യമാകെ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സ്വാശ്രയത്വത്തിലേക്കുള്ള നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ച കേരള ജനതയെ നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News