രണ്ടില ചിഹ്‌നം: ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ജോസ് കെ മാണി; അപ്പീല്‍ നല്‍കുമെന്ന് പി ജെ ജോസഫ്

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചിഹ്‌നമായ രണ്ടില ജോസ് പക്ഷത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പി ജെ ജോസഫ് പക്ഷം ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയുമായിരുന്നു.

Update: 2020-11-20 09:50 GMT

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് രണ്ടില ചിഹ്‌നം അനുവദിച്ചുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജോസ് കെ മാണി. നുണപ്രചാരണത്തിനെതിരെയുള്ള മറുപടിയാണിതെന്നും നുണകൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്നും ജോസ് കെ മാണി പറഞ്ഞു. എത്ര തോല്‍വി നേരിട്ടാലും ചിലര്‍ വീണ്ടും വാദിക്കും. തദേശതിതരഞ്ഞെടുപ്പിലെ ആദ്യഘട്ട വിജയമായി ഇതിനെ കാണുന്നുവെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് പി ജെ ജോസഫ്. ചിഹ്‌നം തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുമെന്നും ജോസഫ് അറിയിച്ചു. ഈ വിധി തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഹൈക്കോടതി വിധിക്കെതിരേ നിയമപോരാട്ടം തുടരും. ഈ ഉത്തരവ് സ്റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചിഹ്‌നമായ രണ്ടില ജോസ് പക്ഷത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പി ജെ ജോസഫ് പക്ഷം ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയുമായിരുന്നു. ഇപ്പോള്‍ വീണ്ടും ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

Tags:    

Similar News