ജിഎസ്ടിക്കു പുറമേ വിനോദ നികുതിയും; സിനിമാ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് രംഗത്തെത്തി. ജിഎസ്ടിക്കു പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമാ മേഖലയെ തകര്‍ക്കുമെന്നും തീരുമാനം ഓണം റിലീസുകള്‍ക്ക് തിരിച്ചടിയാകുമെന്നും കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അഭിപ്രായപ്പെട്ടു.
കൊച്ചി: സിനിമാ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിക്കുന്ന രീതിയില്‍ വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധം. സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് രംഗത്തെത്തി. ജിഎസ്ടിക്കു പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമാ മേഖലയെ തകര്‍ക്കുമെന്നും തീരുമാനം ഓണം റിലീസുകള്‍ക്ക് തിരിച്ചടിയാകുമെന്നും കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അഭിപ്രായപ്പെട്ടു.
സിനിമാ ടിക്കറ്റിനുമേലുണ്ടായിരുന്ന ജിഎസ്ടി നിരക്കുകള്‍ കുറച്ചതോടെ തദ്ദേശസ്ഥാപനങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരുന്ന വിനോദ നികുതി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരുന്നു. സപ്തംബര്‍ ഒന്നു മുതല്‍ വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍, ജിഎസ്ടിക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണു കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നിലപാട്.
ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു. ചിറ്റൂരും ചേര്‍ത്തലയിലുമുള്ള സര്‍ക്കാര്‍ തിയറ്ററുകളില്‍ ഇതിനകം നികുതി ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. നൂറ് രൂപ വരെയുള്ള ടിക്കറ്റിന് അഞ്ച് ശതമാനവും നൂറിന് മുകളിലുള്ള ടിക്കറ്റിന് 8.5 ശതമാനവുമാണ് വിനോദ നികുതി. വിനോദ നികുതി കൂടി ഈടാക്കുന്നതോടെ ടിക്കറ്റ് നിരക്കില്‍ പത്ത് രൂപയോളം വര്‍ദ്ധനയാണുണ്ടാകുക.