ചെന്നിത്തലയും മുല്ലപ്പള്ളിയും നാളെ ദുരിതബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കും

വയനാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ ഇരുവരും സന്ദര്‍ശിക്കും. എംഎല്‍എമാരുടെ നേതൃത്വത്തില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Update: 2019-08-09 13:16 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നാളെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വയനാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ ഇരുവരും സന്ദര്‍ശിക്കും. എംഎല്‍എമാരുടെ നേതൃത്വത്തില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഡാമുകള്‍ തുറക്കുന്നതിനു മുമ്പ് അതീവജാഗ്രതാനിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ ഒമ്പതിന നിര്‍ദേശങ്ങളില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമീപവാസികള്‍ക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോവുന്നതിനുള്ള സാവകാശം ലഭിക്കുന്ന തരത്തില്‍ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ പത്ര, ദൃശ്യ, ലോക്കല്‍ അനൗന്‍സ്‌മെന്റ് മുഖേന നല്‍കണം. ഡാം സുരക്ഷാ അതോറിറ്റിയുടേയും ജല കമ്മീഷന്റേയും നിര്‍ദേശങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കും അനുസൃതമായി ഡാമുകളുടെ ജലവിതാനം നിയന്ത്രിക്കുന്നതിനും കൃത്യമായി റെഗുലേറ്റ് ചെയ്യുന്നതിനും നടപടി സ്വീകരിക്കണം. മലയോരമേഖലകളില്‍ മുമ്പ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലെയും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളിലെയും ജനങ്ങളെ അടിയന്തരമായി സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കണം.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര ആശ്വാസധനസഹായം എത്തിക്കുകയും പരിക്കേറ്റവര്‍ക്ക് സൗജന്യവൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റെയില്‍വേ ലൈനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. തകര്‍ന്ന വൈദ്യുതി ലൈനുകളില്‍നിന്നും ആളുകള്‍ ഷോക്കേറ്റ് മരിക്കുന്ന സാഹചര്യം ഒഴിവാക്കണം. കടലോരമേഖലയിലെയും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലെയും കുടുംബാംഗങ്ങള്‍ക്കും സൗജന്യറേഷന്‍ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News