ദുരിതപ്പെയ്ത്ത്; മരണം 60 കടന്നു; ക്യാംപുകളില്‍ രണ്ടു ലക്ഷത്തോളം പേര്‍

ദിവസങ്ങളായി തുടരുന്ന പെരുമഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 60 കടന്നു; ശനിയാഴ്ച്ച വൈകീട്ട് 3 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 1318 ക്യാംപുകളിലായി 1,65,519 പേരാണ്.

Update: 2019-08-11 00:59 GMT

കോഴിക്കോട്: ദിവസങ്ങളായി തുടരുന്ന പെരുമഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 60 കടന്നു; ശനിയാഴ്ച്ച വൈകീട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 1318 ക്യാംപുകളിലായി 1,65,519 പേരാണ്. അതിനു ശേഷവും ആയിരക്കണക്കിനു പേര്‍ ക്യാംപുകളിലെത്തിയിട്ടുണ്ട്. നിലവില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ ക്യാംപുകളിലുണ്ടാവുമെന്നാണു കണക്കുകള്‍.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കുന്നത്. ജില്ലയില്‍ 19 പേരുടെ ജീവനാണ് മഴക്കെടുതിയില്‍ പൊലിഞ്ഞത്. കോഴിക്കോട് 14, വയനാട് 10, കണ്ണൂര്‍ അഞ്ച്, ഇടുക്കി നാല്, തൃശ്ശൂര്‍ മൂന്ന്, ആലപ്പുഴ രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണസംഖ്യ.

ഇന്നലെ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഒരു മൃതദേഹം കൂടി കിട്ടി. ഇതോടെ ഇവിടെ മാത്രം മരണം ഒമ്പതായി. വെള്ളിയാഴ്ച്ച ഇവിടെ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച്ച കിട്ടിയത് ആറ് മൃതദേഹങ്ങളും. ഇനി 54 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. ഇതില്‍ 20 പേര്‍ കുട്ടികളാണ്. അതേ സമയം, വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തു നിന്ന് 8 പേരെ; ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 9 പേരെയാണു കണ്ടെത്തിയത്.

ശനിയഴാച്ച കാസര്‍കോട് വെള്ളരിക്കുണ്ട് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ മൂന്നുപേരെയും രക്ഷപ്പെടുത്തി. 58 വയസ്സുള്ള സരോജിനിയെ രാത്രി വൈകിയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി.

കേരളത്തിന് അടിയന്തരദുരിതാശ്വാസത്തിന് 52. 27കോടി ഇക്കൊല്ലം അനുവദിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ തവണ നല്‍കിയതില്‍ പകുതി തുക ഇപ്പോഴും സംസ്ഥാനം ചെലവാക്കിയിട്ടില്ല. സംസ്ഥാനം ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ അവകാശപ്പെട്ടു.

മുണ്ടേരിയിലെ ആദിവാസി കോളനിയില്‍ 220ഓളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ചാലിയാറിന് കുറുകെയുള്ള പാലം തകര്‍ന്നതോടെയാണ് മറുകരയിലുള്ള 4 ആദിവാസി കോളനികളിലുള്ളവര്‍ ഒറ്റപ്പെട്ടത്. വാണിയമ്പുഴ, കുമ്പളപ്പാറ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കോളനികളിലുള്ള 220 പേരാണ് നിലവില്‍ ഒറ്റപ്പെട്ട് കഴിയുന്നത്. ഇവര്‍ കാട് വിട്ട് വരില്ലെന്നാണ് പറയുന്നത്. ഇവര്‍ക്ക് ഭക്ഷണം കയറില്‍ കെട്ടിയാണ് എത്തിക്കുന്നത്. മഴ ഇനിയും ശക്തമായാല്‍ ഏത് വിധേനയും ഇവരെ പുറത്തെത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്നു കവളപ്പാറ സന്ദര്‍ശിക്കും. വൈകിട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തിച്ചേരും. തുടര്‍ന്ന് ആദ്യം നിലമ്പൂര്‍ സന്ദര്‍ശിക്കും. പിന്നീട് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ടാണ്. എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തെക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതു മൂലം മഴ ശക്തമാകില്ലെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    

Similar News