കേരളാ സര്‍ക്കാര്‍ പ്രവാസികളോട് യുദ്ധം പ്രഖ്യാപിക്കരുത്: പി അബ്ദുല്‍മജീദ് ഫൈസി

പ്രവാസി സഹോദരങ്ങളോട് സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ നിയമപോരാട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Update: 2020-06-25 10:17 GMT

മലപ്പുറം: കൊവിഡ് മൂലം വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പ്രവാസികളോട് യുദ്ധ പ്രഖ്യാപന നിലപാട് കൈകൊള്ളുന്നത് മനുഷ്യത്വരഹിതമായ സമീപനമാണ്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസികളോടുള്ള വഞ്ചന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി സഹോദരങ്ങളോട് സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ നിയമപോരാട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മലപ്പുറം നഗരത്തിന്റെ നാല് ഭാഗത്തുനിന്ന് പ്രയാണം ആരംഭിച്ച പ്രകടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പോലിസ് തടഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞ മാര്‍ച്ചിന്റെ നിയന്ത്രണം ജില്ലാ പ്രസിഡന്റ് സി പി ലത്തീഫ് നിര്‍വഹിച്ചു. സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ലാ സെക്രട്ടറി അഡ്വ: കെ സി നസീര്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: സാദിഖ് നടുത്തൊടി സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ഡോ:സി എച്ച് അശ്‌റഫ്, അഡ്വ: എ എ റഹിം, ജില്ലാ സെക്രട്ടറിമാരായ എം പി മുസ്തഫ മാസ്റ്റര്‍, ടി എം ഷൗക്കത്ത്, അരീക്കാടന്‍ ബീരാന്‍കുട്ടി, പി ഹംസ, മുസ്തഫ പാമങ്ങാടന്‍, കെ സി സലാം, റഹീസ് പുറത്തൂര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 

Tags:    

Similar News