സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പലയിടത്തും ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ കാര്യമായ മഴയുണ്ടായില്ലെങ്കിലും പലയിടത്തും രാത്രിയില്‍ വ്യാപകമായി മഴ പെയ്തു. വ്യാഴാഴ്ച ഉച്ചയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം 'ചക്രവാതച്ചുഴി' എന്ന പുതിയ പ്രതിഭാസമുണ്ടായതാണ് വീണ്ടും ആശങ്കയ്ക്കു വഴിയൊരുക്കുന്നത്.
അടുത്ത മൂന്ന് ദിവസങ്ങളില്‍ ചക്രവാതച്ചുഴി തുടരാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ ഈ മാസം 24 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച കനത്ത മഴയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ വ്യാപക ഉരുള്‍പൊട്ടലുണ്ടായി. പാലക്കാട്ട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ആളപായമില്ല. അമ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ജലനിരപ്പ് കൂടിയതോടെ മംഗലം ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും 40 സെന്റിമീറ്റര്‍ ഉയര്‍ത്തി. മലപ്പുറം ജില്ലയില്‍ താഴേക്കോട് പഞ്ചായത്തിലെ അരക്കുപറമ്പ് മാട്ടറക്കലില്‍ ഉരുള്‍പൊട്ടി.
മുക്കിലപറമ്പ് ഭാഗത്ത് മങ്കട മലയിലും ബിടാവുമലയിലുമായാണ് ഇന്നലെ രാത്രി ഏഴോടെ ഉരുള്‍പൊട്ടിയത്. അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴയാണുണ്ടാവുന്നത്. വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 44 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. അപകടമേഖലകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി.
അപ്പര്‍ കുട്ടനാട്, പന്തളം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഇന്നലെയും ജില്ലയില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വൃഷ്ടി പ്രദേശങ്ങളിലും വനമേഖലകളിലും മഴ ശക്തമായതോടെ ഡാമുകളില്‍നിന്നും പുറംതള്ളുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലയിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് സുരക്ഷ നടപടികള്‍ക്ക് വേണ്ടി വിവിധയിടങ്ങളില്‍ യോഗം ചേരും.