കേരളത്തിലും തടങ്കൽ കേന്ദ്രങ്ങൾ: സർക്കാർ നിരത്തിയ വസ്തുതകൾ സംശയം ബലപ്പെടുത്തുന്നു

ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി തന്നെ ഇതുവരെയുള്ള നടപടിക്രമങ്ങൾ നിർത്തിവയ്ക്കുന്നതിന് ഉത്തരവിട്ടതാണ് സംശയം ജനിപ്പിക്കുന്നത്.

Update: 2019-12-27 10:53 GMT

തിരുവനന്തപുരം: പൗരത്വം നിഷേധിക്കുന്നവർക്കായി സംസ്ഥാനത്തും ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ (തടങ്കൽ കേന്ദ്രങ്ങൾ) ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് മുഖ്യമന്ത്രിയുടെ മറുപടിയോടെ ബലമേറുന്നു. ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി തന്നെ ഇതുവരെയുള്ള  നടപടിക്രമങ്ങൾ നിർത്തിവയ്ക്കുന്നതിന് ഉത്തരവിട്ടതാണ് സംശയം ജനിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രി, 2012 മുതൽ ആരംഭിച്ച നടപടികൾ നിർത്തുന്നുവെന്നാണ് അറിയിച്ചത്. ദുരൂഹതയില്ലെങ്കിൽ പിന്നെന്തിനാണ് നിർത്തിവയ്ക്കാൻ ഉത്തരവിട്ടതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ചുരുക്കത്തിൽ, വിസ നിയമം ലംഘിക്കുന്ന വിദേശികളെ പിടികൂടി പാർപ്പിക്കാനായി കഴിഞ്ഞ യുപിഎ സർക്കാർ കൊണ്ടുവന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്ന എൻഡിഎ സർക്കാർ ലക്ഷ്യമിടുന്നത് പൗരത്വം നഷ്ടപ്പെടുന്നവരെ തന്നെയാണെന്നാണ് വിലയിരുത്തൽ. 

തടങ്കൽ കേന്ദ്രങ്ങൾ ഇല്ലെന്നു പറയുമ്പോഴും  ഇക്കാര്യത്തിൽ സർക്കാർ നൽകുന്ന വസ്തുതകള്‍ സംശയം ജനിപ്പിക്കുന്നതാണ്. ഏഴുവര്‍ഷം മുമ്പ് 2012 ആഗസ്തിൽ ഡിറ്റന്‍ഷന്‍ സെന്‍റര്‍ സ്ഥാപിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ ഒരു കത്ത് മുഖേന അറിയിച്ചുവെന്നാണ് വിശദീകരണം. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുകയോ ചെയ്യുന്ന വിദേശികളെയും, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികള്‍ക്കായി കാത്തിരിക്കുന്ന വിദേശികളെയും രാജ്യം വിടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ഇത്തരം സെന്‍റര്‍ സ്ഥാപിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. നിലവിലെ സാഹചര്യത്തിൽ പൗരത്വം നഷ്ടപ്പെടുന്നവരേയും ഇവിടേക്ക് മാറ്റാൻ വ്യവസ്ഥയുണ്ടാവാൻ സാധ്യതയേറെയാണ്.

കേന്ദ്രം നൽകിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ 2015 നവംബര്‍ നാലിന് ആഭ്യന്തര വകുപ്പ് യോഗം വിളിച്ചുചേര്‍ത്തു. അന്നത്തെ ഡിജിപിയും എഡിജിപി ഇന്‍റലിജന്‍സും ജയില്‍ വകുപ്പ് ഐജിയും ഉള്‍പ്പെടെ ആ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന്‍റെ തീരുമാനപ്രകാരം സംസ്ഥാനത്ത് അടിയന്തരമായി അത്തരം സെന്‍ററുകള്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ചു. അവ സാമൂഹ്യനീതി വകുപ്പിന്‍റെ കീഴിലാവണമെന്നും ആവശ്യമായ കെട്ടിടം വകുപ്പ് കണ്ടെത്തണമെന്നും തീരുമാനിച്ചു. പ്രവര്‍ത്തനത്തിനാവശ്യമായ സ്റ്റാഫിനെ പോലിസ് വകുപ്പ് നിശ്ചയിക്കണമെന്നും തീരുമാനിച്ചു. 

ഡിറ്റന്‍ഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തുടര്‍ന്ന് പ്രസ്തുത ആവശ്യത്തിനായി സാമൂഹ്യനീതി ജില്ലാ ഓഫീസറും ജില്ലാ പോലീസ് സൂപ്രണ്ടും ചേര്‍ന്ന മാനേജിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും നിശ്ചയിച്ചു. ഇത് സംബന്ധിച്ച് എത്രപേരെ പാര്‍പ്പിക്കേണ്ടിവരും എന്നതുള്‍പ്പെടെയുടെ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ വിശദാംശങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയോടും ചോദിച്ചു. ഇതു സംബന്ധിച്ച ഒരു വിവരവും റെക്കോര്‍ഡ്സ് ബ്യൂറോ ഇതുവരെ നല്‍കിയിട്ടില്ല. നേരത്തെ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈന്‍ഡറുകള്‍ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വകുപ്പുകള്‍ക്ക് വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

ഇതുസംബന്ധിച്ച യാതൊരു ഫയലും ഈ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ല. 2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തിവയ്ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവു നല്‍കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനും(സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും(എന്‍ആര്‍സി) എതിരേ പ്രക്ഷോഭം ശക്തമാകുന്നതിനിടെ അസമിലും മറ്റ് ചില സംസ്ഥാനങ്ങളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത്തരം തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിരുന്നു. രാജ്യസഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരമനുസരിച്ച് 2019 ജനുവരിയില്‍ തന്നെ കേരളമടക്കം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം കത്ത് നല്‍കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തും നിര്‍മിക്കേണ്ട തടങ്കല്‍ പാളയത്തിന്റെ മാതൃകയും ഇതോടൊപ്പം അയച്ചിരുന്നു. ജയില്‍ പരിസരത്തിനും പോലിസ് വകുപ്പിനും പുറത്ത് അനുയോജ്യമായ സൗകര്യം ഒരുക്കാനാണ് ആഭ്യന്തര വകുപ്പ് സാമൂഹിക നീതി വകുപ്പിനോട് ആവശ്യപ്പെട്ടത്. പോലിസ് വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ ഈ സംവിധാനം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും അറിയിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും വിസയും പാസ്‌പോര്‍ട്ടും കാലഹരണപ്പെട്ട വിദേശികളെയും പാര്‍പ്പിക്കുന്നതിനാണ് തടങ്കല്‍ പാളയം നിര്‍മിക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. വിചാരണ നേരിടുന്ന വിദേശ തടവുകാരെയും ഇവിടെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി നാടുകടത്തലിനായി കാത്തിരിക്കുന്നവരെയും തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയേക്കാം.

Tags:    

Similar News