പോലിസ് സഹകരണസംഘം തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി
ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ക്രമസംഭവങ്ങളുണ്ടാവാതിരിക്കാന്‍ ശക്തമായ സുരക്ഷയാണ് പോലിസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്ക് സോണ്‍ തിരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കാണ് ചുമതല.
തിരുവനന്തപുരം: കേരള പോലിസ് സഹകരണസംഘം തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് തുടങ്ങി. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ക്രമസംഭവങ്ങളുണ്ടാവാതിരിക്കാന്‍ ശക്തമായ സുരക്ഷയാണ് പോലിസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്ക് സോണ്‍ തിരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കാണ് ചുമതല. എല്‍ഡിഎഫ്, യുഡിഎഫ് അനുഭാവമുള്ള പോലിസുകാരുടെ പാനലുകളാണ് മല്‍സരിക്കുന്നത്. രാവിലെ 8 മുതല്‍ 4 വരെയുള്ള തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള പൂര്‍ണ ഉത്തരവാദിത്വം ഡിജിപിക്കായിരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ്. സഹകരണസംഘത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിലെ തര്‍ക്കം പോലിസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു.
ഏറ്റുമുട്ടലില്‍ നാലു പോലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു. കാര്‍ഡ് വിതരണം ഏകപക്ഷീയമാണെന്നും മനപ്പൂര്‍വം വൈകിക്കുകയാണെന്നും ആരോപിച്ച് മുന്‍ പ്രസിഡന്റ് ജി ആര്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തെത്തി. അതിനെ എതിര്‍ത്ത് മറുപക്ഷവുമെത്തിയതോടെ ഓഫിസിനുമുന്നിലുണ്ടായ തര്‍ക്കം ഏറ്റുമുട്ടലിലേക്കുനീങ്ങുകയായിരുന്നു. സംഘര്‍ഷത്തിലും ഉപരോധത്തിലും പങ്കെടുത്ത 14 പോലിസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. കോടതി നിര്‍ദേശപ്രകാരം ഇന്നലെയും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടന്നിരുന്നു. 6,500 ലധികം വോട്ടര്‍മാരുള്ള സംഘത്തില്‍ 4,500 ഓളം വോട്ടര്‍മാര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത്. വോട്ടെടുപ്പില്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാവില്ലെന്ന് അഡീഷനല്‍ പോലിസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറഞ്ഞു.