കേരള പോലിസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവം: സിബിഐ അന്വേഷണമാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
നിലവിലുള്ള പോലിസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍ വെടിയുണ്ട കാണാതായ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
കൊച്ചി: കേരള പോലിസിന്റെ വെടിയുണ്ടകള്‍ കാണാതായതുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമള്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.നിലവിലുള്ള പോലിസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.
എന്നാല്‍ വെടിയുണ്ട കാണാതായ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.660 റൈഫിളുകള്‍ ഉണ്ടായിരുന്നതില്‍ 647 എണ്ണം ക്യാംപില്‍ തന്നെയുണ്ട്. ശേഷിച്ച 13 എണ്ണം കഴിഞ്ഞ ജനുവരി 16ലെ ഉത്തരവിലൂടെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ പരിശീലനത്തിനായി മണിപ്പൂരിലേക്കു നല്‍കിയിരിക്കുകയാണ്. ഇവ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു.