ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്റര്‍ ഡെവലപ്പ്‌മെന്റ് പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തണം; കേന്ദ്രത്തിന് കത്തയച്ച് കൃഷിമന്ത്രി

Update: 2021-06-05 12:24 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്റര്‍ ഡെവലപ്പ്‌മെന്റ് പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ സംസ്ഥാനത്തിന്റെ സാധ്യതകളും അവസരങ്ങളും കാണിച്ച് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറിന് അയച്ച കത്തിലാണ് മന്ത്രി ആവശ്യമുന്നയിച്ചത്. ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയുടെ സമഗ്രവികസനവും ആഗോളവിപണിയും ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ക്ലസ്റ്ററുകള്‍ക്കാണ് സഹായം ലഭിക്കുന്നത്.

ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ്, ത്രിപുര, മഹാരാഷ്ട്ര, കര്‍ണാടക, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്റര്‍ ഡെവലപ്പ്‌മെന്റ് പദ്ധതി നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ പ്രധാന ഹോര്‍ട്ടികള്‍ച്ചര്‍ വിളകളായ വാഴ, പൈനാപ്പിള്‍, കുരുമുളക്, ഏലം മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത് .

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഹോട്ടികള്‍ച്ചര്‍ വിളകള്‍ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. വാഴപ്പഴം, ചക്ക, പൈനാപ്പിള്‍, കുരുമുളക് മറ്റു സുഗന്ധവിളകള്‍ എന്നിങ്ങനെ സംസ്ഥാനത്തിന്റെ ഹോട്ടിക്കള്‍ച്ചര്‍ മേഖല വിവിധ ഇനങ്ങളാല്‍ സമ്പുഷ്ടമാണ്. കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്ന പ്രധാന വിളയായ വാഴപ്പഴം ഇന്ന് വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ആരംഭിച്ചിരിക്കുകയാണ്.

സീ ഷിപ്പ്‌മെന്റ് പ്രോട്ടോക്കോള്‍ പ്രകാരം നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റുമതി ആരംഭിച്ചതോടെ കേരള ബ്രാന്‍ഡഡ് നേന്ത്രപ്പഴത്തിന് വന്‍സാധ്യതകളാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിലൂടെ സംജാതമായിട്ടുള്ളത്. മറ്റൊരു പ്രധാന വാണിജ്യവിളയായ പൈനാപ്പിളും ആഗോളശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള വിളയാണ്. വാഴക്കുളം പൈനാപ്പിളിന് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്. പൈനാപ്പിളിന്റെ തന്നെ മറ്റൊരു ഇനമായ മൗറീഷ്യസ് ഇനത്തിന് ആഗോള വിപണിയില്‍ തന്നെ വന്‍ ഡിമാന്‍ഡാണുള്ളത്. പുരാതനകാലം മുതല്‍ക്കുതന്നെ കേരളത്തിന്റെ സുഗന്ധവിളകള്‍ ലോകപ്രസിദ്ധവുമാണ്.

കുരുമുളക്, ഏലം, ജാതി തുടങ്ങി ഒട്ടുമിക്ക സുഗന്ധവിളകളുടെയും ഉല്‍പ്പാദനത്തില്‍ സംസ്ഥാനം ഒന്നാംസ്ഥാനത്തുമാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്‍ഷിക വിളകളിലെ ക്ലസ്റ്റര്‍ അടിസ്ഥാന വികസന പദ്ധതി ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നതിനും വിപണന ശൃംഖല ശക്തമാക്കുന്നതിനും സഹായകരമായിരിക്കും. പ്രകൃതിദുരന്തങ്ങളും മഹാമാരിയും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട് ദുരിതത്തിലായ സംസ്ഥാനത്തിലെ കര്‍ഷകര്‍ക്ക് ഈ സഹായം വളരെ ഉപകാരപ്രദമായിരിക്കുമെന്നും സംസ്ഥാനത്തെ പ്രധാന വിളകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഈ മേഖലയില്‍ നിക്ഷേപം വരുന്നതും കര്‍ഷകരുടെ വരുമാന വര്‍ധന സാധ്യമാവുന്നതുമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കടക്കമുള്ള കയറ്റുമതി ത്വരിതപ്പെടുത്തുന്നതിലൂടെ വിപണന സാധ്യത വര്‍ധിക്കുകയും കാര്‍ഷിക മേഖലയില്‍ വന്‍ വികസന മുന്നേറ്റം സാധ്യമാവുകയും ചെയ്യും.

Tags:    

Similar News