കേരളവര്‍മയില്‍ എസ്എഫ്‌ഐ- എബിവിപി സംഘര്‍ഷം; മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

സെമിനാര്‍ നടത്താന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് കോളജില്‍ സമരം പ്രഖ്യാപിച്ചിരുന്നു. സമരം നടത്തുന്നതിനിടെ ക്ലാസില്‍ കയറി വിദ്യാര്‍ഥികളോട് സമരത്തില്‍ പങ്കുചേരണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചോദ്യംചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം എസ്എഫ്‌ഐ- എബിവിപി സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Update: 2019-12-18 09:52 GMT

തൃശൂര്‍: കേരളവര്‍മ കോളജില്‍ പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നതിനെച്ചൊല്ലി എസ്എഫ്‌ഐ- എബിവിപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അക്ഷയ്, ആരോമല്‍, രാഹുല്‍ എന്നീ വിദ്യാര്‍ഥികളെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് കഴിഞ്ഞദിവസം കാംപസിനുള്ളില്‍ എബിവിപി സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇത് തടഞ്ഞു. സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന മുഖ്യാതിഥി ടി ആര്‍ രമേഷിനെ പ്രവര്‍ത്തകര്‍ കോളജിന് മുന്നില്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് പോലിസ് ഇടപെട്ടാണ് എസ്എഫ്‌ഐ പ്രവര്‍ത്തരെ ഇവിടെനിന്ന് നീക്കിയത്.

തുടര്‍ന്ന് കാംപസിന് പുറത്ത് റോഡിലാണ് എബിവിപി സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാര്‍ നടത്താന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് കോളജില്‍ സമരം പ്രഖ്യാപിച്ചിരുന്നു. സമരം നടത്തുന്നതിനിടെ ക്ലാസില്‍ കയറി വിദ്യാര്‍ഥികളോട് സമരത്തില്‍ പങ്കുചേരണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചോദ്യംചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം എസ്എഫ്‌ഐ- എബിവിപി സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. അധ്യാപകരുടെ മുമ്പിലിട്ട് ആദ്യം ക്ലാസിനുള്ളില്‍വച്ചും പിന്നീട് കോളജ് വരാന്തയില്‍വച്ചും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് എബിവിപി ആരോപിക്കുന്നു. മര്‍ദിച്ചതില്‍ എസ്എഫ്‌ഐ മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുണ്ടെന്നാണ് എബിവിപിയുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപി കാംപസില്‍ പ്രതിഷേധപ്രകടനം നടത്തി. 

Tags:    

Similar News