റോഡുകള്‍ തകരാനുള്ള കാരണം ഉദ്യോഗസ്ഥ അനാസ്ഥയെന്ന് വിജിലന്‍സ്

അടുത്തിടെ പുതുക്കിപ്പണിഞ്ഞ കോട്ടയത്തെ കാഞ്ഞിരപ്പള്ളി-മണിമല റോഡ് തകര്‍ന്നു ഉപയോഗ ശൂന്യമായിരുന്നു. മലപ്പുറം ജില്ലയില്‍ അരീപ്രനാട്ടുകാല്‍ റോഡിന്റെ കരാര്‍ നല്‍കിയിരിക്കുന്നത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ സഹോദരനാണെന്നും വിജിലന്‍സ് കണ്ടെത്തി.

Update: 2019-09-26 19:25 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ വ്യാപകമായി തകരാനുള്ള പ്രധാന കാരണം നിര്‍മാണ സമയത്തെ ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയെന്ന് വിജിലന്‍സ്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോഴും റീടാറിംഗ് നടക്കുമ്പോഴും ഉദ്യോഗസ്ഥര്‍ ആരും സ്ഥലത്തു കാണില്ലെന്നും വിജിലന്‍സ് കണ്ടെത്തി.

റോഡ് നിര്‍മാണത്തിനു ഗുണനിലവാരം കുറഞ്ഞ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുന്നതും കൃത്യമായ അളവില്‍ ടാറും മെറ്റലും അടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ ഉപയാഗിക്കാത്തതും മറ്റൊരു കാരണമാണെന്നും വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാതാ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും മാനദണ്ഡങ്ങള്‍ റീ ടാറിംഗിനും അറ്റകുറ്റപ്പണിക്കും പാലിച്ചിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

അടുത്തിടെ പുതുക്കിപ്പണിഞ്ഞ കോട്ടയത്തെ കാഞ്ഞിരപ്പള്ളി-മണിമല റോഡ് തകര്‍ന്നു ഉപയോഗ ശൂന്യമായിരുന്നു. റോഡിന്റെ നിര്‍മാണപ്രവൃത്തി പൂര്‍ത്തിയാക്കി വാറന്റി കാലാവധിക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞെങ്കിലും പൊതുമരാമത്തു വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല. മലപ്പുറം ജില്ലയില്‍ അരീപ്രനാട്ടുകാല്‍ റോഡിന്റെ കരാര്‍ നല്‍കിയിരിക്കുന്നത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ സഹോദരനാണെന്നും വിജിലന്‍സ് കണ്ടെത്തി. കടുത്ത നിയമ ലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തുന്നതു സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

Tags:    

Similar News