കിളികൊല്ലൂര്‍ കസ്റ്റഡി മര്‍ദ്ദനം: പോലിസിനെതിരേ സൈനികന്റെ കുടുംബം പ്രതിരോധ മന്ത്രിക്ക് പരാതി നല്‍കി
ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പോലിസിന്റെ വകുപ്പുതല അന്വേഷണം വൈകുകയാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്.
കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനേയും പോലിസ് സ്‌റ്റേഷനിലിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേന്ദ്രപ്രതിരോധ മന്ത്രിക്ക് യുവാക്കളുടെ കുടുംബം പരാതി നല്‍കി. വിഷയം പരിഹരിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നതിനിടെയാണ് നീക്കം. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പോലിസിന്റെ വകുപ്പുതല അന്വേഷണം വൈകുകയാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്.
സൈനികനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഇയാളുടെ സഹോദരനെയും പോലിസ് സ്‌റ്റേഷനിലിട്ട് ക്രൂരമായി മര്‍ദിച്ചതിനും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന്റേയും പേരില്‍ ആഭ്യന്തര വകുപ്പിന് വലിയ വിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാതെ പ്രശ്‌നം പരിഹരിക്കാന്‍ സിപിഎമ്മും ഇടത് അനുകൂല അഭിഭാഷക സംഘടനയും ശ്രമം നടത്തിയിരുന്നു. ഇതിനിടയിലാണ് കേന്ദ്ര പ്രതിരോധ മന്ത്രിക്ക് യുവാക്കളുടെ കുടുംബം കത്തയച്ചിരിക്കുന്നത്.
ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ വഴിയും വിഷയം കേന്ദ്രത്തെ ധരിപ്പിച്ചു. ഇതോടൊപ്പം കൊല്ലം എം.പി എന്‍ കെ പ്രേമചന്ദ്രന്‍ മുഖേനയും സമ്മര്‍ദ്ദം ചെലുത്താനാണ് കുടുംബത്തിന്റെ തീരുമാനം. സര്‍ക്കാരിനെതിരേ വിമര്‍ശനം രൂക്ഷമായതോടെ കൊല്ലം മൂന്നാം കുറ്റിയില്‍ സിപിഎം കഴിഞ്ഞ ദിവസം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞു.
നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ സ്‌റ്റേഷനിലുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ ലഗേഷിനെ ഓച്ചിറയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ആഭ്യന്തര അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം എന്നാണ് യുവാക്കളുടെ ആവശ്യം. അല്ലാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.