കല്‍പ്പറ്റ: മുട്ടില്‍ വില്ലേജിലെ വിവാദ മരംമുറി നടന്ന പ്രദേശങ്ങള്‍ എംഎല്‍എമാരായ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. തങ്ങളെ തെറ്റിദ്ധരിപ്പിച്ച് തുച്ഛമായ വിലതന്നാണ് റോജി അഗസ്റ്റിനും സംഘവും ഈട്ടി മരം മുറിച്ചുകടത്തിയതെന്ന് ആദിവാസികള്‍ ജനപ്രതിനിധികളോട് പറഞ്ഞു. യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ടി സിദ്ദീഖ് എംഎല്‍എ ആവശ്യപ്പെട്ടു.
വയനാട്ടിലെ മുട്ടില്‍ മരം മുറി കേസില്‍ വനം വകുപ്പിലെയും റവന്യൂ വകുപ്പിലെയും ചില ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് മരം മുറിച്ച കരാറുകാരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മരം മുറിക്കാന്‍ തന്നെ കരാര്‍ ഏല്‍പ്പിച്ചത് തെറ്റായ രേഖകള്‍ കാണിച്ചെന്നും കരാറുകാരന്‍ പറഞ്ഞു. മൂന്നുമാസം കൊണ്ട് 15 കോടി രൂപ മതിപ്പുവിലയുള്ള 202 ക്യൂബിക് മീറ്റര്‍ ഈട്ടി മരങ്ങളാണ് മുട്ടില്‍ വില്ലേജില്‍നിന്ന് തെറ്റായ രേഖകള്‍ സംഘടിപ്പിച്ച് മുറിച്ചുമാറ്റിയത്.