ജോജുവിനെതിരായ പരാതി പരിശോധിക്കുന്നു; കഴമ്പില്ലെങ്കില്‍ കേസെടുക്കില്ലെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

പ്രാഥമികമായ അന്വേഷണത്തില്‍ സത്യമല്ലെന്നാണ് വ്യക്തമായത്.ദൃശ്യങ്ങള്‍ പരിശോധിച്ച് തെളിവുണ്ടെങ്കില്‍ മാത്രമെ കേസ് എടുക്കുകയുള്ളുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി

Update: 2021-11-02 08:12 GMT
ജോജുവിനെതിരായ പരാതി പരിശോധിക്കുന്നു; കഴമ്പില്ലെങ്കില്‍ കേസെടുക്കില്ലെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഒന്ന് ഉപരോധവുമായി ബന്ധപ്പെട്ടും മറ്റൊന്ന് നടന്‍ ജോജു ജോര്‍ജ്ജിന്റെ കാറ് തകര്‍ത്തതിനുമാണ് കേസ് എന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.രണ്ടാമത്തെ കേസ് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ്.ഇതിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റുള്‍പ്പെടെ കര്‍ശന നടപടികള്‍ അവര്‍ക്കെതിരെയുണ്ടാകും.വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് ആളുകളെ തിരിച്ചറിയുമെന്നും കമ്മീഷണര്‍ പറഞ്ഞു.

മുന്‍ മേയര്‍ ടോണി ചമ്മണിക്കെതിരെ ആരോപണമുണ്ടല്ലോയെന്ന ചോദ്യത്തിന് ആരാണെങ്കിലും പ്രതിയാണെങ്കില്‍ പിടികൂടുമെന്നായിരുന്നു സിറ്റി പോലിസ് കമ്മീഷണറുടെ മറുപടി.ജോജുവിനെതിരായ പരാതിയുടെ സത്യാവസ്ഥ പോലിസ് പരിശോധിച്ചു വരികയാണെന്ന് ചോദ്യത്തിന് മറുപടിയായി കമ്മീഷണര്‍ പറഞ്ഞു.ഇതില്‍ സത്യാവസ്ഥയുണ്ടെങ്കില്‍ മാത്രമെ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളവെന്നും കമ്മീഷണര്‍ പറഞ്ഞു. പ്രാഥമികമായ അന്വേഷണത്തില്‍ സത്യമല്ലെന്നാണ് വ്യക്തമായത്.

ദൃശ്യങ്ങള്‍ പരിശോധിച്ച് തെളിവുണ്ടെങ്കില്‍ മാത്രമെ കേസ് എടുക്കുകയുള്ളുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി.ജോജുവിന്റെ കാറു തകര്‍ത്ത സംഭവത്തില്‍ തെളിവുണ്ട്. ആളുകളുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ടെന്നും ഇന്നു മുതല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നും പറഞ്ഞു.ജോജു ജോര്‍ജ്ജിന്റെ മൊഴി ഇന്നലെ തന്നെ എടുത്തിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിന് മൈക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല.റോഡ് ഉപരോധം പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ റോഡ് മൊത്തം ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണുണ്ടായതെന്നും കമ്മീഷണര്‍ പറഞ്ഞു.

Tags: