പി സി ജോര്‍ജ്ജിന്റെ മതവിദ്വേഷ പ്രസംഗം:വീഡിയോ പരിശോധിച്ച് തുടര്‍ നടപടിയെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

അറസ്റ്റു ചെയ്യേണ്ടതുണ്ടെങ്കില്‍ അറസ്റ്റു ചെയ്യും.തിരുവനന്തപുരത്ത് എടുത്ത കേസില്‍ പി സി ജോര്‍ജ്ജ് നിലവില്‍ ജാമ്യത്തിലാണ്.ജാമ്യവ്യവസ്ഥ പി സി ജോര്‍ജ്ജ് ലംഘിച്ചുവെന്നാണ് വ്യക്തമാകുന്നത്

Update: 2022-05-10 09:10 GMT

കൊച്ചി: പി സി ജോര്‍ജ്ജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അറസ്റ്റു ചെയ്യേണ്ടതുണ്ടെങ്കില്‍ അറസ്റ്റു ചെയ്യുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് എടുത്ത കേസില്‍ പി സി ജോര്‍ജ്ജ് നിലവില്‍ ജാമ്യത്തിലാണ്.ജാമ്യവ്യവസ്ഥ പി സി ജോര്‍ജ്ജ് ലംഘിച്ചുവെന്നാണ് വ്യക്തമാകുന്നത്.തിരുവനന്തപുരത്തെ കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നടന്നുവരുന്നതായാണ് അറിയുന്നതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

പാലാരിവട്ടം വെണ്ണലയിലെ ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലെ മതവിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ പാലാരിവട്ടം പോലീസാണ് പി സി ജോര്‍ജ്ജിനെതിരെ കേസടുത്തിരിക്കുന്നത്.നേരത്തെ തിരുവനന്തപുരത്ത് ഹിന്ദു മഹാ സമ്മേളനത്തില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തില്‍ മതിവിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഫോര്‍ട്ട് പോലിസ് പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് പോലിസ് ജോര്‍ജ്ജിനെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാലാരിവട്ടം പോലിസും കേസെടുത്തിരിക്കുന്നത്.

Tags: