കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് അത്യാധുനിക ബോട്ട് ;നിര്‍മാണം കൊച്ചി കപ്പല്‍ശാലയില്‍ തുടങ്ങി
നൂറു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹൈബ്രിഡ് ഇലക്ട്രിക്കല്‍ പാസഞ്ചര്‍ ബോട്ടിന്റെ നിര്‍മാണമാണ് കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്.23 ബോട്ടുകളുടെ നിര്‍മാണത്തിനാണ് കൊച്ചി കപ്പല്‍ശാലയുമായുള്ള കരാര്‍. നൂറു പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തില്‍ പൂര്‍ണമായും ശീതീകരിച്ച ബോട്ടുകളാണ് നിര്‍മിക്കുന്നത്. വൈഫൈ സൗകര്യവും ഉണ്ടാകും. 78 കിലോമീറ്ററില്‍ കൊച്ചിയിലെ വിവിധ കായലുകളെയും കനാലുകളെയും ബന്ധിപ്പിക്കുന്നതാണ് ജലമെട്രോ.
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്കുള്ള അത്യാധുനിക ബോട്ട് നിര്‍മാണം കൊച്ചി കപ്പല്‍ശാലയില്‍ തുടങ്ങി. നൂറു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹൈബ്രിഡ് ഇലക്ട്രിക്കല്‍ പാസഞ്ചര്‍ ബോട്ടിന്റെ നിര്‍മാണമാണ് കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്.23 ബോട്ടുകളുടെ നിര്‍മാണത്തിനാണ് കൊച്ചി കപ്പല്‍ശാലയുമായുള്ള കരാര്‍. നൂറു പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തില്‍ പൂര്‍ണമായും ശീതീകരിച്ച ബോട്ടുകളാണ് നിര്‍മിക്കുന്നത്. വൈഫൈ സൗകര്യവും ഉണ്ടാകും. 78 കിലോമീറ്ററില്‍ കൊച്ചിയിലെ വിവിധ കായലുകളെയും കനാലുകളെയും ബന്ധിപ്പിക്കുന്നതാണ് ജലമെട്രോ.
747.28 കോടിയുടേതാണ് പദ്ധതി. ജര്‍മന്‍ ഏജന്‍സിയായ കെ.എഫ്.ഡബ്ല്യുവാണ് പദ്ധതിക്ക് വായ്പ നല്‍കുന്നത്. രണ്ടു ഘട്ടങ്ങളിലായി 15 വ്യത്യസ്ത പാതകളും 38 സ്റ്റേഷനുകളുമുണ്ടാകും. കാക്കനാടാണ് പ്രധാന ടെര്‍മിനല്‍. വൈറ്റില, ഏരൂര്‍ എന്നിവയാണ് മറ്റു രണ്ട് പ്രധാന ടെര്‍മിനലുകള്‍. ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി തേവരയിലും കാക്കനാട് കിന്‍ഫ്ര പാര്‍ക്കിലും യാര്‍ഡുകള്‍ നിര്‍മിക്കും. ആദ്യഘട്ടത്തില്‍ 19 സ്റ്റേഷനുകളാണ് ഉണ്ടാവുക.
ബോട്ടിന്റെ അലൂമിനിയം ചട്ടക്കൂടിനുള്ള പ്ലേറ്റ് കട്ടിങ് ചടങ്ങില്‍ കപ്പല്‍ശാല ചെയര്‍മാനും എംഡിയുമായ മധു എസ് നായര്‍, കൊച്ചി മെട്രോ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ വര്‍ഷം അവസാനത്തോടെ ആദ്യ ബോട്ട് നീറ്റിലിറക്കാനാണ് ലക്ഷ്യമിടുന്നത്. പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ ബോട്ടുകള്‍ ലോകത്തു തന്നെ ഇതാദ്യമായിട്ടാണ് നിര്‍മിക്കുന്നതെന്ന് മധു എസ് നായര്‍ പറഞ്ഞു. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിക്കുന്ന ബോട്ടുകള്‍ സമയബന്ധിതമായി കെഎംആര്‍എലിനു കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.