പ്രതിപക്ഷത്തിന് പരിഭ്രാന്തി: കോടിയേരി

കേരളത്തിന് കേന്ദ്രം എല്ലാ സഹായവും നല്‍കിയെന്ന മട്ടിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ബിജെപി നേതാവിന്റെതു പോലെയായെന്ന് കോടിയേരി കുറ്റപ്പെടുത്തി.

Update: 2020-04-07 14:20 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സങ്കുചിത രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനവും അപക്വവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നാട് ഒറ്റക്കെട്ടായി മഹാമാരിയെ നേരിടുന്ന സന്ദര്‍ഭത്തില്‍ ആ ഐക്യത്തെ തകര്‍ക്കാനുള്ള വൃഥാ മോഹം കേരളീയ സമൂഹം തിരിച്ചറിയും.

കൊവിഡിനെ നേരിടുന്ന കാര്യത്തില്‍ ലോകത്തിന്റെ തന്നെ അഭിനന്ദനത്തിന് അര്‍ഹമായ പ്രവര്‍ത്തനമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തോടൊപ്പം തന്നെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത വികസിത രാജ്യങ്ങളില്‍ അനിയന്ത്രിതമായ രീതിയില്‍ മരണനിരക്ക് ഉയര്‍ന്നപ്പോള്‍ ഇവിടെ രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. രാജ്യത്ത് ആദ്യമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതും കേരളമാണ്. ഒരാളും പട്ടിണി കിടക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ തെരുവു നായ്ക്കള്‍ക്കും കുരങ്ങന്‍മാര്‍ക്കും വരെ ഭക്ഷണം ഉറപ്പു വരുത്തി. ഇതിന്റെയെല്ലാം ഭാഗമായി കക്ഷിരാഷ്ട്രീയത്തിന് അതീതമായി വലിയ പിന്തുണയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. സുപ്രീം കോടതി തന്നെ പല ഘട്ടങ്ങളിലും കേരളത്തിലെ സര്‍ക്കാര്‍ നടപടികളെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. ഈ സ്വീകാര്യതയില്‍ പരിഭ്രാന്തിപൂണ്ട പ്രതിപക്ഷത്തിന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ ജനങ്ങള്‍ പുച്ഛിച്ച് തള്ളും.

കേരളത്തിന് കേന്ദ്രം എല്ലാ സഹായവും നല്‍കിയെന്ന മട്ടിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ബിജെപി നേതാവിന്റെതു പോലെയായി. കോണ്‍ഗ്രസ് ബിജെപി സംയുക്ത വാര്‍ത്താസമ്മേളനം എന്നു പറയുന്നതായിരുന്നു നല്ലത്. നിരവധി മനുഷ്യ ജീവന്‍ നഷ്ടപ്പെടുത്തിയ കര്‍ണ്ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ മനുഷ്യത്വ രഹിതമായ നടപടിയെ അപലപിക്കാന്‍ പോലും വാര്‍ത്താസമ്മേളനത്തില്‍ തയ്യാറായില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ സമീപനത്തെ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം വിമര്‍ശിക്കുമ്പോള്‍ ചെന്നിത്തല സ്വീകരിക്കുന്ന നിലപാട് പരിശോധിക്കപ്പെടേണ്ടതാണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ 25000 കോടി രൂപയുടെ കൊവിഡ് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമ്പോഴാണ് ചെന്നിത്തല ഈ സമീപനം സ്വീകരിക്കുന്നത്. സാമ്പത്തികമായി നാട് തകര്‍ന്നു പോകണമെന്ന ഇടുങ്ങിയ ചിന്തയാണ് സാലറി ചലഞ്ചിനെ എതിര്‍ക്കുന്നതിലുള്ളത് .

സംസ്ഥാന സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തില്ലെന്ന ചെന്നിത്തലയുടെ പരാമര്‍ശം പരിഹാസ്യമായി . അദ്ദേഹത്തിന്റെ പാര്‍ടി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ ചെന്നിത്തല വിശദീകരിച്ചാല്‍ നന്നായിരുന്നു. ഇന്ത്യയില്‍ കേരളം പോലെ സമഗ്രമായ പാക്കേജ് നടപ്പിലാക്കിയ മറ്റൊരു സംസ്ഥാനവും ഇല്ലെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിച്ച കാര്യമാണ്. കേരളം അടച്ചിടരുതെന്നും അമേരിക്കന്‍ മാതൃകയാണ് പിന്തുടരേണ്ടതെന്നും നിയമസഭയില്‍ സര്‍ക്കാരിനെ ഉപദേശിച്ചതും ഈ പ്രതിപക്ഷ നേതാവ് തന്നെയാണല്ലോ . ആ ഉപദേശം സ്വീകരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയെന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ഇത്രയും അപക്വമായി പ്രശ്‌നങ്ങളെ സമീപിക്കുന്ന പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം ശരിയായ സമിപനം സ്വീകരിക്കുന്നതും മൂവര്‍ സംഘത്തെ അസ്ഥമാക്കുന്നുണ്ടാകും, സുതാര്യമായി പ്രവര്‍ത്തിക്കുന്ന കേരള മുഖ്യമന്ത്രിയെ പ്രധാനമന്ത്രി മാതൃകയാക്കണമെന്ന ശശി തരൂരിന്റെ അഭിപ്രായം പ്രസക്തമാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി മഹാമാരിയെ നേരിടുന്നതില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇത്തരം ജല്‍പ്പനങ്ങളെ അവഗണിച്ച് തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിയോടെ മുമ്പോട്ട് കൊണ്ടു പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നാട് നേരിടുന്ന വെല്ലുവിളിയുടെ ആഴം മനസിലാക്കി സങ്കുചിത രാഷ്ട്രീയ സമീപനം ഉപേക്ഷിച്ച് ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന്റെ ചുമതല തിരിച്ചറിയാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും കോടിയേരി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. 

Tags:    

Similar News