സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു, ഹാള്‍ടിക്കറ്റിലുള്ളത് മകളുടെ കൈയക്ഷരമല്ല; കോളജ് അധികൃതര്‍ക്കെതിരേ കുടുംബം
പോലിസിന്റെ അന്വേഷണം കോളജിനുവേണ്ടിയുള്ളതാണ്. അത് ഞങ്ങളുടെ മോള്‍ക്കു നീതിനേടിത്തരില്ല. സര്‍ക്കാര്‍ മകള്‍ക്ക് നീതിവാങ്ങി നല്‍കണമെന്നും പിതാവ് പറഞ്ഞു. പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരേ നടപടിയെടുക്കണം.
കോട്ടയം: പാലാ ചേര്‍പ്പുങ്കലില്‍ പരീക്ഷാ ഹാളില്‍നിന്നിറങ്ങിയ അഞ്ജു ഷാജിയെന്ന വിദ്യാര്‍ഥിനിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരീക്ഷയെഴുതിയ കോളജ് അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബം വീണ്ടും രംഗത്തെത്തി. മകള്‍ കോപ്പിയടിക്കില്ലെന്ന് അഞ്ജുവിന്റെ അച്ഛന്‍ ഷാജി ആവര്‍ത്തിച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഹാള്‍ ടിക്കറ്റില്‍ കണ്ട കൈയക്ഷരം അഞ്ജുവിന്റേതല്ല. അതവര്‍ തന്നെ എഴുതിപിടിപ്പിച്ചതാണ്. പ്രിന്‍സിപ്പലിനെയും അതുമായി ബന്ധപ്പെട്ട മറ്റ് അധ്യാപകരെയും അറസ്റ്റുചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു.
ഹാള്‍ടിക്കറ്റിന് പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിയിരുന്നതായാണ് കോളജ് അധികാരികള്‍ വിശദീകരിക്കുന്നത്. ഇത് മാധ്യമങ്ങള്‍ക്കുമുന്നില്‍ അവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് നിഷേധിച്ചാണ് കുടുംബം രംഗത്തെത്തിയത്. സംഭവത്തിനുശേഷം ഞങ്ങള്‍ ബന്ധപ്പെട്ട അധ്യാപകനാണ് ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയതെന്ന് പിതാവ് പറഞ്ഞു. അന്ന് ഞങ്ങള്‍ ഇതേ അധ്യാപകനെ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് പറഞ്ഞത്. ഇന്നലെ കോളജ് കാണിച്ച സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട്. വിഡിയോ എഡിറ്റ് ചെയ്തിട്ടുണ്ട്. പല ഭാഗങ്ങളും വിട്ടുവിട്ടാണ് കാണിച്ചത്.
പോലിസിന്റെ അന്വേഷണം കോളജിനുവേണ്ടിയുള്ളതാണ്. അത് ഞങ്ങളുടെ മോള്‍ക്കു നീതിനേടിത്തരില്ല. സര്‍ക്കാര്‍ മകള്‍ക്ക് നീതിവാങ്ങി നല്‍കണമെന്നും പിതാവ് പറഞ്ഞു. പ്രിന്‍സിപ്പല്‍ അഞ്ജുവിനെ ഭീഷണിപ്പെടുത്തി. പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരേ നടപടിയെടുക്കണം. ശനിയാഴ്ച അഞ്ജു വീട്ടിലെത്താന്‍ വൈകിയപ്പോള്‍ കോളജില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍, തിരിച്ച് ഇതുവരെ വിളിച്ചിട്ടില്ല. അഞ്ജുവിനെ ഇറക്കിവിട്ടെന്ന് അടുത്തിരുന്ന വിദ്യാര്‍ഥി പറഞ്ഞാണ് അറിഞ്ഞത്. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് അവളോട് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞിരുന്നു. ഇന്നലെ ആ കുട്ടി പരീക്ഷയ്ക്ക് വരുന്നതുവരെ ഇങ്ങനെയാണ് പറഞ്ഞതെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു.
എന്നാല്‍, ഇന്നലെ വന്നപ്പോള്‍ ആ കുട്ടി അത് മാറ്റിപ്പറഞ്ഞു. ആ കുട്ടിയെ ആരോ ബ്രെയിന്‍വാഷ് ചെയ്തിട്ടുണ്ട്. മകളെ കാണാതായ ദിവസം ആ കുട്ടി പറഞ്ഞതനുസരിച്ചാണ് ബന്ധുവിനെ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ ബാഗും മറ്റും മാത്രമാണ് കണ്ടത്. അന്നുരാത്രി തന്നെ പ്രിന്‍സിപ്പലിനെ വിളിച്ചിരുന്നു. എന്തിനാണ് എന്റടുത്തോട്ട് വന്നത്, വല്ല ആണ്‍പിള്ളേരുടെയും പുറകേ പോയിക്കാണുമെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെന്നും കുടുംബം ആരോപിച്ചു. പ്രിന്‍സിപ്പല്‍ അവളെ മാനസികമായി പീഡിപ്പിച്ചെന്നും മിനിറ്റുകളോളം മകള്‍ ക്ലാസ് റൂമിലിരുന്നു കരഞ്ഞത് ദൃശ്യങ്ങളില്‍ കാണാമെന്നും പിതാവ് പറഞ്ഞു.