ഗുരുതര സുരക്ഷാപിഴവുകള്‍ ശ്രദ്ധയില്‍പ്പെടുത്തി; വടകര സ്വദേശിക്ക് ജോലി നല്‍കി ഫെയ്‌സ്ബുക്കിന്റെ സമ്മാനം
പയ്യോളി തുറശ്ശേരിക്കടവ് സ്വദേശി നീരജ് ഗോപാലിനാണ് ഫെയ്‌സ്ബുക്ക് ലണ്ടനില്‍ പ്രോഡക്ട് സെക്യൂരിറ്റി അസസ്‌മെന്റ്‌സ് ആന്റ് അനാലിസിസ് വിഭാഗത്തില്‍ സെക്യൂരിറ്റി അനലിസ്റ്റ് ഫോര്‍ വൈറ്റ് ഹാറ്റ് എന്ന തസ്തികയില്‍ നിയമനം ലഭിച്ചത്.
കോഴിക്കോട്: ഫെയ്‌സ്ബുക്കിലെ ഗുരുതരമായ സുരക്ഷാ പിഴവുകള്‍ കണ്ടെത്തി റിപോര്‍ട്ട് ചെയ്തുവന്ന വടകര സ്വദേശിക്ക് ഒടുവില്‍ ജോലി നല്‍കി ഫെയ്‌സ്ബുക്ക് അധികൃതര്‍. പയ്യോളി തുറശ്ശേരിക്കടവ് സ്വദേശി നീരജ് ഗോപാലിനാണ് ഫെയ്‌സ്ബുക്ക് ലണ്ടനില്‍ പ്രോഡക്ട് സെക്യൂരിറ്റി അസസ്‌മെന്റ്‌സ് ആന്റ് അനാലിസിസ് വിഭാഗത്തില്‍ സെക്യൂരിറ്റി അനലിസ്റ്റ് ഫോര്‍ വൈറ്റ് ഹാറ്റ് എന്ന തസ്തികയില്‍ നിയമനം ലഭിച്ചത്. ബാംഗ്ലൂര്‍ വിപ്രോയില്‍ ജോലിയുടെ കൂടെ സിസ്റ്റംസ് എന്‍ജിനീയറിങ്ങില്‍ എംഎസ് ചെയ്തുകൊണ്ടിരിക്കുന്ന നീരജ് ഫെയ്‌സ്ബുക്ക് ബഗ് ഹണ്ടിങ്ങിന്റെയും എത്തിക്കല്‍ ഹാക്കിങ്ങിന്റെയും അനന്തസാധ്യതകള്‍ മനസിലാക്കിയാണ് ഈ മേഖലയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയത്.
2016 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ നീരജ് ഫെയ്‌സ്ബുക് ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി. കണ്ടുപിടിക്കുന്ന സുരക്ഷാ പിഴവ് എത്രത്തോളം ഗൗരവമേറിയതാണെന്നതും റിപോര്‍ട്ടിന്റെ ഗുണമേന്‍മയും അടിസ്ഥാനപ്പെടുത്തിയാണ് ഫെയ്‌സ്ബുക്കിന്റെ ഹാള്‍ ഓഫ് ഫെയിം റാങ്കിങ് നടത്തുന്നത്. എല്ലാ വര്‍ഷങ്ങളിലും റാങ്കിങ്ങില്‍ ആദ്യ 15 ല്‍ നീരജ് ഇടംപിടിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഫെയ്‌സ്ബുക് അവരുടെ എല്ലാ ലൈവ് ഹാക്കിങ് ഇവന്റ്‌സുകള്‍ക്കും പ്രൈവറ്റ് ബഗ്ഗ് ബൗണ്ട്രി മീറ്റിങ്ങുകള്‍ക്കും നീരജിനെ സ്‌പോണ്‌സര്‍ഷിപ്പോടുകൂടി ക്ഷണിക്കാന്‍ തുടങ്ങിയത്.
2018, 2019 വര്‍ഷങ്ങളില്‍ ലണ്ടനിലും സിംഗപ്പൂരിലും നടന്ന പരിപാടികളില്‍ പങ്കെടുത്തിരുന്നു. പിന്നീട് 2019 ല്‍ ഫെയ്‌സ്ബുക്കില്‍നിന്ന് ഇന്റര്‍വ്യൂവിനുള്ള വിളിയുമെത്തി. അഞ്ച് റൗണ്ടുകളായിരുന്നു ഇന്റര്‍വ്യൂവിനുണ്ടായിരുന്നത്. ആ കടമ്പ വിജയകരമായി കടന്നു. വെബ് ആപ്ലിക്കേഷന്‍ സെക്യൂരിറ്റിയിലെ സാധ്യതകളെക്കുറിച്ചും താന്‍ കണ്ടെത്തിയ ബഗ്ഗുകളില്‍ ചിലതിനെകുറിച്ചും നീരജ് ബ്ലോഗുമെഴുതിയിട്ടുണ്ട്. ഇതുപോലുള്ള ബ്ലോഗുകള്‍ വായിച്ചാണ് താന്‍ പഠിച്ചതും ഫെയ്‌സ്ബുക്കില്‍ ജോലി ലഭിച്ചതുമെന്ന് നീരജ് പറയുന്നു. തന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് ഉപകാരപ്പെടണമെന്ന് തോന്നിയതുകൊണ്ടുമാത്രമാണ് ബ്ലോഗ് എഴുതാന്‍ തുടങ്ങിയത്. ഇതുവരെയും സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ഒരു കോഴ്‌സും ചെയ്തിട്ടില്ല. ഒരു സര്‍ട്ടിഫിക്കറ്റുമില്ല.
ഗൂഗിളില്‍ തിരഞ്ഞും ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ പിഴവുകളെക്കുറിച്ചുള്ള ബ്ലോഗുകള്‍ വായിച്ചുമാണ് താനിവിടെവരെയുമെത്തിയത്. 10ാം ക്ലാസില്‍ കംപ്യൂട്ടറിന് നല്ലമാര്‍ക്കുണ്ടായിരുന്നു. അതിനുശേഷമാണ് വീട്ടില്‍ കംപ്യൂട്ടര്‍ വാങ്ങിത്തരുന്നത്. ഇവിടെ വരെയെത്തിയതിന് കാരണം അച്ഛനാണ്. ആദ്യമെല്ലാം ഗെയിം കളിക്കാന്‍ മാത്രമാണ് കംപ്യൂട്ടര്‍ ഉപയോഗിച്ചത്. പിന്നീട് പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം ഐടിയില്‍ ഡിപ്ലോമ കോഴ്‌സ് ചെയ്തു. അതിനുശേഷമാണ് കാംപസ് സെലക്ഷന്‍വഴി വിപ്രോയില്‍ ജോലിയില്‍ പ്രവേശിക്കുന്നതെന്ന് നീരജ് പറയുന്നു. വടകര മണിയൂര്‍ തുറശ്ശേരിക്കടവ് സ്വദേശിയായ നീരജ് റിട്ട. അധ്യാപകരായ പി കെ ഗോപാലന്‍മാസ്റ്ററുടേയും നിര്‍മല ടീച്ചറുടെയും മകനാണ്. ആയുര്‍വേദ ഡോക്ടറായ അഞ്ജുഷയാണ് ഭാര്യ.