മതിയായ കുട്ടികളില്ലാത്ത 650 സ്കൂളുകള്‍ കെഎസ്ടിഎ ഏറ്റെടുക്കും
ഉപജില്ലകളില്‍ നാല് വീതം സ്കൂളുകളിലാണ് അധ്യാപക സമൂഹത്തിന്‍റെ മേല്‍നോട്ടത്തില്‍ അക്കാദമികവും ഭൗതീകവുമായ സൗകര്യവികസനത്തിലൂടെ ഒന്നാംതരം വിദ്യാലയങ്ങളാക്കിമാറ്റാനുള്ള ബൃഹദ്പദ്ധതി ആവിഷ്കരിക്കുന്നത്.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രഖ്യാപിച്ച് മൂന്നുവര്‍ഷം തികയുകയാണ്. മൂന്നു വര്‍ഷങ്ങളിലായി അഞ്ചരലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി എത്തിച്ചേര്‍ന്നത്. എന്നാല്‍ സംസ്ഥാനത്താകെ മതിയായ കുട്ടികളില്ലാത്ത ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇത് വര്‍ദ്ധിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം നടക്കുകയാണ്. ഈ ഘട്ടത്തില്‍ മതിയായ കുട്ടികളില്ലാത്ത 650 പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കാന്‍ കെഎസ്ടിഎ തീരുമാനിച്ചു.
ക്ലാസുകളില്‍ 10 ല്‍ താഴെ മാത്രം കുട്ടികളുള്ള സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളാണ് മികവിന്‍റെ കേന്ദ്രങ്ങളാക്കാനുള്ള ഉത്തരവാദിത്തമാണ് കേരള സ്കൂള്‍ ടീച്ചേഴ്സ്അസോസിയേഷന്‍ (കെഎസ്ടിഎ) ഏറ്റെടുക്കുന്നത്. ഉപജില്ലകളില്‍ നാല് വീതം സ്കൂളുകളിലാണ് അധ്യാപക സമൂഹത്തിന്‍റെ മേല്‍നോട്ടത്തില്‍ അക്കാദമികവും ഭൗതീകവുമായ സൗകര്യവികസനത്തിലൂടെ ഒന്നാംതരം വിദ്യാലയങ്ങളാക്കിമാറ്റാനുള്ള ബൃഹദ്പദ്ധതി ആവിഷ്കരിക്കുന്നത്. ഈ വിദ്യാലയങ്ങളിലെ പഠന നിലവാരവും അടിസ്ഥാന സൗകര്യവും പഠിച്ചശേഷം പരിഹാരത്തിനുള്ള ഉത്തരവാദിത്തം അധ്യാപകര്‍ തന്നെ ഏറ്റെടുത്ത് നടപ്പാക്കും. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ആവശ്യമാണെങ്കില്‍ അവയും അടിസ്ഥാന സൗകര്യ വികസനം വേണമെങ്കില്‍ അവയും കെഎസ്ടിഎ നേതൃത്വത്തില്‍ നിര്‍വഹിക്കും.
ഈ അധ്യയന വര്‍ഷത്തില്‍ പ്രത്യേക ശ്രദ്ധനല്‍കി ഇത്തരം സ്കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ അടുത്തവര്‍ഷം കൂടുതല്‍ വിദ്യാര്‍ഥികളെ ഈ വിദ്യാലയങ്ങളിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപകര്‍ നേതൃത്വം നല്‍കുമെന്ന് കെഎസ്ടിഎ ജനറല്‍സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ പറഞ്ഞു.