ലക്കിടി വെടിവയ്പ്: ഭരണകൂടം ആസൂത്രിതമായി നടപ്പാക്കിയതെന്ന് വിദ്യാര്‍ഥി യുവജന കൂട്ടായ്മ

ഇത്തരം കൊലകള്‍ വന്‍തോതില്‍ കേന്ദ്ര ഫണ്ട് ലഭ്യമാക്കാനുള്ള തന്ത്രമാണ്. തണ്ടര്‍ ബോള്‍ട്ടെന്ന പേരില്‍ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജനങ്ങളെ തന്നെ കൊന്നൊടുക്കുന്ന പോലിസ് സേന ജോലിയൊന്നും കൂടാതെ വാഴുന്നതിനുള്ള തന്ത്രമാണ് ഇത്തരം കൊലകള്‍.

Update: 2019-03-08 08:51 GMT

കോഴിക്കോട്: ലക്കിടിയിലെ ഏറ്റുമുട്ടല്‍ കൊലപാതകം പിണറായി വിജയനും പോലിസും ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് അതിക്രമങ്ങള്‍ക്കെതിരേയുള്ള വിദ്യാര്‍ഥി യുവജന കൂട്ടായ്മ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. മാവോയിസം എന്ന രാഷ്ട്രീയ ചിന്താഗതിയില്‍ വിശ്വസിച്ചതു കൊണ്ട് മാത്രം സി പി ജലീലിനെ ഏകപക്ഷീയമായി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇത്തരം കൊലകള്‍ വന്‍തോതില്‍ കേന്ദ്ര ഫണ്ട് ലഭ്യമാക്കാനുള്ള തന്ത്രമാണ്. തണ്ടര്‍ ബോള്‍ട്ടെന്ന പേരില്‍ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജനങ്ങളെ തന്നെ കൊന്നൊടുക്കുന്ന പോലിസ് സേന ജോലിയൊന്നും കൂടാതെ വാഴുന്നതിനുള്ള തന്ത്രമാണ് ഇത്തരം കൊലകള്‍.

മാവോയിസ്റ്റുകള്‍ ആരെയും ബന്ദിയാക്കിയില്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയില്ലെന്നും ആദ്യം വെടിവച്ചത് പോലിസാണെന്നും റിസോര്‍ട്ട് മാനേജര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പോലിസ് നടത്തിയ കൊലയ്‌ക്കെതിരേ പൊതുസമൂഹം പ്രതികരിക്കണം. പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണം. ജീവനോടെ പിടിക്കാവുന്നതും യാതൊരു പ്രകോപനവും എതിര്‍ഭാഗത്ത് നിന്നുണ്ടാക്കാത്തതുമായ സാഹചര്യത്തില്‍ ഏകപക്ഷീയമായി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഭരണകൂടത്തിനെതിരേ ശബ്ദിക്കുന്നവരെ നിശബ്ദമാക്കുന്ന ഭരണ സംവിധാനങ്ങള്‍ക്കതിരേ രോഷമുയരേണ്ടതുണ്ട്. കരുണാകരന്റെ പോലിസ് സഖാവ് രാജനെ കൊലപ്പെടുത്തിയെങ്കില്‍ പിണറായിയുടെ പോലിസ് എത്രയെത്ര യുവാക്കളെയാണ് കൊന്നു തള്ളിക്കൊണ്ടിരിക്കുന്നത് എന്നത് ഭീതിയുണര്‍ത്തുന്നു. ഇത്തരം തണ്ടര്‍ബോള്‍ട്ട് ഭീകരസംഘത്തെ പിരിച്ചു വിടാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളണം. സി പി ജലീലിന്റെ കൊലയില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

Tags:    

Similar News