ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം; എളമരം കരിം എംപി രാഷ്ട്രപതിക്ക് കത്തയച്ചു

Update: 2021-05-23 18:57 GMT

കോഴിക്കോട്: രാഷ്ട്രീയപ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി. 99 ശതമാനവും മുസ്‌ലിംകള്‍ ജീവിക്കുന്ന ദ്വീപില്‍ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുമതലയേറ്റെടുത്ത ഉടന്‍തന്നെ കൊവിഡ് പ്രതിരോധത്തിനായി ദ്വീപില്‍ നിലവിലുണ്ടായിരുന്ന എസ്ഒപി മാറ്റുകയും എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റുകയുമാണ് അദ്ദേഹം ചെയ്തത്.

2020 അവസാനം വരെ ഒരു കൊവിഡ് കേസ് പോലുമില്ലാത്തിരുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ കൊവിഡ് വളരെ വേഗം പടര്‍ന്നുപിടിക്കാന്‍ കാരണം ആശാസ്ത്രീയമായ ഈ തീരുമാനമാണെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്. ദ്വീപ് നിവാസികളുടെ ഭക്ഷണശീലങ്ങളും വരുമാനമാര്‍ഗവും ലക്ഷ്യംവച്ച് ദ്വീപില്‍ ഗോവധ നിരോധനം നടപ്പാക്കാനും തീരുമാനമെടുക്കുകയുണ്ടായി. ഭൂരിഭാഗവും മുസ്‌ലിംകള്‍ അധിവസിക്കുന്ന ലക്ഷദ്വീപില്‍ ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശസ്ഥാപനങ്ങളോ ഒന്നും ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരമൊരു നിയത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്. മദ്യം ഉപയോഗിക്കുന്നതില്‍ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളും അദ്ദേഹം എടുത്തുകളയുകയുണ്ടായി.

ദ്വീപിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിചെയ്യുന്ന തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38ഓളം അങ്കണവാടികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസം വകുപ്പില്‍നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണമുണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍നിന്നും നിരവധിപേരെ പുറത്താക്കി. ഇതെല്ലാം ദ്വീപുകാര്‍ക്കിടയില്‍ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മല്‍സ്യബന്ധനമാണ്. മല്‍സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പുതിയ അഡ്മിനിസ്‌ട്രേഷന്‍ പൊളിച്ചുമാറ്റുകയാണുണ്ടായത്.

നേരത്തെയുണ്ടായിരുന്ന അഡ്മിനിസ്‌ട്രേഷന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് മാത്രം നല്‍കിയ ഇളവനുസരിച്ച് നിര്‍മിച്ച താത്കാലിക കെട്ടിടങ്ങളാണ് ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചുനീക്കിയത്. വലിയ നഷ്ടങ്ങളാണ് ഇതുമൂലം തൊഴിലാളികള്‍ക്കുണ്ടായത്. ദ്വീപുകാര്‍ വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്‌ട്രേഷന്‍ കൈക്കൊണ്ടിരുന്നു. ദ്വീപുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ബേപ്പൂരിനെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.

കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധത്തെ ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്നും വിമര്‍ശനമുയരുന്നുണ്ട്. ഇത്തരത്തില്‍ ദ്വീപ് നിവാസികള്‍ക്കെല്ലാം ദോഷകരമായ തരത്തില്‍ പ്രവര്‍ത്തിക്കുന്ന, ഒരു ഏകാധിപതിയെപ്പോലെ തന്നിഷ്ടത്തിന് നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന ഈ അഡ്മിനിസ്‌ട്രേട്ടറെ എത്രയും വേഗം തിരിച്ചുവിളിക്കണമെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ നിലവില്‍ വന്ന മുഴുവന്‍ തീരുമാനങ്ങളും പുനപ്പരിശോധിച്ച് ജനവിരുദ്ധമായവ റദ്ദാക്കണമെന്നും എളമരം കരിം കത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News