ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവം: ലക്ഷദ്വീപ് ഭരണകൂടത്തിനോട് വിശദീകരണം തേടി ഹൈക്കോടതി
എംപിമാരായ ടി എന്‍ പ്രതാപനും ഹൈബി ഈഡനുമാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നിഷേധിക്കുന്നുവെന്ന് ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററോട് വിശദീകരണം തേടി.ലക്ഷദ്വിപിലേക്കുള്ള യാത്രാനുമതി തുടര്‍ച്ചയായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നിരസിച്ചതിനെതിരെ എംപിമാരായ ടി എന്‍ പ്രതാപനും ഹൈബി ഈഡനുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.ഹരജി വീണ്ടും 23 ന് പരിഗണിക്കും.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ നിയമങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ദ്വീപിലെ ജനങ്ങളെ നേരിട്ട് കാണാനും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും, നേരിട്ട് മനസിലാക്കാനുമായി ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി യാത്ര അനുമതിക്കായി യുഡിഎഫ് എംപിമാര്‍ എഡിഎമ്മിനും അഡ്മിനിസ്ട്രേറ്റര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. പ്രസ്തുത അപേക്ഷ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് ടി.എന്‍.പ്രതാപനും ഹൈബി ഈഡനും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് എം.പിമാരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്നും ദ്വീപില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ യാത്ര ചെയ്യുന്നവര്‍ക്ക് 7 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നും പറഞ്ഞ് അവരുടെ അപേക്ഷകള്‍ അഡ്മിനിസ്ട്രേഷന്‍ നിരസിച്ചു.
തങ്ങള്‍ 7 ദിവസം ക്വാറന്റിനില്‍ ഇരിക്കാന്‍ തയ്യാറാണെന്നും യാത്രാനുമതി നല്‍കണമെന്നും വീണ്ടും എം.പിമാര്‍ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും കാരണം കാണിക്കാതെ വീണ്ടും അഡ്മിനിസ്ട്രേഷന്‍ എം.പിമാരുടെ അപേക്ഷകള്‍ നിരസിച്ചു.തുടര്‍ന്നാണ് ഹൈബി ഈഡനും ടി എന്‍ പ്രതാപനും തങ്ങള്‍ക്ക് ലക്ഷദ്വീപിലേക്ക് പോകാന്‍ യാത്രാനുമതി നല്‍കാന്‍ അഡ്മിനിസ്ട്രേറ്ററോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.