മാന്ദാമംഗലത്ത് വാഴ കൃഷിയുടെ മറവിൽ വൻ ചാരായ നിർമ്മാണം

എക്സൈസ് ഉദ്യോഗസ്ഥർ കരാറെടുത്ത വാഴക്കുലകൾ വെട്ടാനെന്ന വ്യാജേനയാണ് പുലർച്ചെ വാഴത്തോട്ടത്തിലെത്തി പ്രതിയെ പിടികൂടിയത്.

Update: 2021-08-18 01:05 GMT

തൃശൂർ: മാന്ദാമംഗലത്ത് വാഴ കൃഷിയുടെ മറവിൽ വൻ ചാരായ നിർമ്മാണം. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മരോട്ടിച്ചാൽ സ്വദേശി രവീന്ദ്രൻ പിടിയിലായി. മാന്നാമംഗലം മരോട്ടിച്ചാൽ മേഖലകളിൽ വൻതോതിൽ ചാരായ വാറ്റും വിതരണവും നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

എക്സൈസ് ഉദ്യോഗസ്ഥർ കരാറെടുത്ത വാഴക്കുലകൾ വെട്ടാനെന്ന വ്യാജേനയാണ് പുലർച്ചെ വാഴത്തോട്ടത്തിലെത്തി പ്രതിയെ പിടികൂടിയത്. ചുള്ളിക്കാവ് ചിറയിലുള്ള വാഴത്തോട്ടത്തിൽ നിന്നും ചാരായം വാറ്റിക്കൊണ്ടിരിക്കുമ്പോളാണ് രവീന്ദ്രൻ പിടിയിലായത്. ഗ്യാസ് സ്റ്റൗവ് ഉപയോഗിച്ച് വാറ്റു നടന്നു കൊണ്ടിരിക്കുകയായിരുന്നു. കൂട്ടാളിയും പ്രദേശത്തെ പ്രധാന വാറ്റുകാരനുമായ കാർഗിൽ ജോയ് ഓടി രക്ഷപ്പെട്ടു. വാഴത്തോട്ടത്തിൽ ഓണ കൃഷിയുടെ മറവിലാണ് ചാരായം വാറ്റ് നടത്തിയിരുന്നത്.

ഈ പറമ്പിൽ നിന്നും 500 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഗ്യാസ് സെറ്റും കണ്ടെടുത്തു. ആനശല്യം ഉള്ളതിനാൽ പുറത്തു നിന്ന് ആരും ഈ പ്രദേശത്തേക്ക് എത്താറില്ല. പരിചയക്കാരല്ലാത്ത ആളുകളെ കണ്ട വാറ്റുകാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രധാന പ്രതിയെ പിടികൂടാൻ കഴിഞ്ഞു.

Similar News