സീറ്റ് നല്‍കില്ലെന്ന് എല്‍ഡിഎഫ്; പിഡിപി വിട്ട പൂന്തുറ സിറാജ് വെട്ടിലായി
കോര്‍പറേഷനില്‍ ഐഎന്‍എല്ലിനുള്ള ഏകസീറ്റായ മാണിക്യവിളാകത്താണ് സിറാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: പിഡിപി ബന്ധമുപേക്ഷിച്ച് ഐഎന്‍എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജിന് സീറ്റ് നല്‍കാനാവില്ലെന്ന് എല്‍ഡിഎഫ്. മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഐഎന്‍എല്ലിനോട് എല്‍ഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ മല്‍സരിക്കാനിരുന്ന പൂന്തുറ സിറാജ് വെട്ടിലായി. കോര്‍പറേഷനില്‍ ഐഎന്‍എല്ലിനുള്ള ഏകസീറ്റായ മാണിക്യവിളാകത്താണ് സിറാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
എന്നാല്‍, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സീറ്റ് മോഹിച്ച് പാര്‍ട്ടി മാറി വന്നതിനാല്‍ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലെന്നാണ് എല്‍ഡിഎഫ് നിലപാടെടുത്തത്. 25 വര്‍ഷമായി പിഡിപിക്കൊപ്പമുണ്ടായിരുന്ന പൂന്തുറ സിറാജ് ശനിയാഴ്ചയാണ് ഐഎന്‍എല്ലില്‍ ചേര്‍ന്നത്. ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കരിം പുതുപ്പാടിയാണ് പൂന്തുറ സിറാജിന് മെംബര്‍ഷിപ്പ് നല്‍കി പാര്‍ട്ടിയില്‍ ചേര്‍ത്തത്. അംഗത്വം ഏറ്റുവാങ്ങിയതിന് പിന്നാലെ സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിച്ചിരുന്നു.
പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേരുന്നതിന് പ്രത്യേകിച്ചൊരു കാരണവും സിറാജ് പറഞ്ഞിരുന്നില്ല. ഇടതുമുന്നണിയ്ക്ക് ശക്തിപകരുകയാണ് തന്റെ ലക്ഷ്യമെന്നായിരുന്നു സിറാജിന്റെ പ്രതികരണം. മഅ്ദനിക്ക് നീതി ലഭിയ്ക്കാന്‍ ഇടതുപക്ഷത്തിനോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിയ്ക്കുമെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സിറാജിന്റെ വരവ് ഗുണമുണ്ടാക്കുമെന്നാണ് ഐഎന്‍എല്‍ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പിഡിപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു സിറാജ്. പിഡിപിയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന സിറാജിനെ 2019ലെ സംഘടന തിരഞ്ഞെടുപ്പില്‍ കാര്യമായി പരിഗണിക്കാന്‍ പിഡിപി നേതൃത്വം തയ്യാറായിരുന്നില്ല. പിന്നീട് വൈസ് പ്രസിഡന്റായി നോമിനേറ്റ് ചെയ്തെങ്കിലും സിറാജ് സ്ഥാനമേറ്റെടുക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു.