ജിഫ്‌രി തങ്ങള്‍ക്കെതിരേ അധിക്ഷേപം; ലീഗ് വയനാട് ജില്ലാ സെക്രട്ടറിയെ മാറ്റി
വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടിവിദ്യകള്‍, നാണക്കേട് എന്നായിരുന്നു ജിഫ്‌രി തങ്ങള്‍ക്കെതിരായ ലീഗ് ജില്ലാ സെക്രട്ടറിയുടെ കമന്റ്.
കല്‍പറ്റ: മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കലിനെ സ്ഥാനത്തു നിന്ന് മാറ്റി. ലീഗ് വയനാട് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്.
സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്കെതിരേ വധഭീഷണിയുണ്ടായ വാര്‍ത്തയോട് അധിക്ഷേപകരമായി പ്രതികരിച്ചതിനാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്തത്. യഹ്യ ഖാനോട് വിശദീകരണം ചോദിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടിവിദ്യകള്‍, നാണക്കേട് എന്നായിരുന്നു ജിഫ്‌രി തങ്ങള്‍ക്കെതിരായ ലീഗ് ജില്ലാ സെക്രട്ടറിയുടെ കമന്റ്. ഒരു പത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയുടെ ഫേസ്ബുക്ക് ലിങ്കിലാണ് ലീഗ് വിവാദ പ്രതികരണം നടത്തിയത്. യഹ്യാ ഖാനെതിരെ ജില്ലയിലും പുറത്തും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സയ്യിദുല്‍ ഉലമയെ അവഹേളിക്കുന്നത് നോക്കിനില്‍ക്കില്ലെന്ന് എസ്‌കെഎസ്എസ്എഫ് വയനാട് ജില്ലാക്കമ്മറ്റി പ്രതിഷേധ കുറിപ്പിറക്കി. ലീഗ് യഹ്യാഖാനെ തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി ജിഫ്‌രി തങ്ങളെ ജില്ലാ സെക്രട്ടറി ആക്ഷേപിക്കുകയാണെന്ന് തെളിവുകള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരും രംഗത്തെത്തി.
പരസ്യ പ്രതിഷേധം രൂപപ്പെട്ടതോടെ പോസ്റ്റ് യഹ്യാഖാന്‍ പിന്‍ വലിച്ചു. ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് താന്‍ കമന്റിട്ടതെന്നും ഒരു കൂട്ടര്‍ അത് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുകയാണ് എന്നുമാണ് വിശദീകരണം. സമസ്തയുടെ ആദരണീയ നേതാവിനെ ഭീഷണിപ്പെടുത്തിയത് ആരാണെങ്കിലും അവരെ നിയമത്തിനുമുന്നില്‍ എത്തിക്കണമെന്നുകൂടി അദ്ദേഹം വിശദീകരണ കുറിപ്പില്‍ പറഞ്ഞു.