ലൈഫ് മിഷന്‍ :ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്ന്; ഹരജിയുമായി സിബിഐ ഹൈക്കോടതിയില്‍
പണമിടപാട് സംബന്ധിച്ച് എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു സിബിഐ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് എഫ്‌സിആര്‍എ ബാധകമാകുമോ എന്ന കാര്യത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്
കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് കേസിലെ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സിബിഐ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. വിശദമായ വാദം അടിയന്തിരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. പണമിടപാട് സംബന്ധിച്ച് എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു സിബിഐ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് എഫ്‌സിആര്‍എ ബാധകമാകുമോ എന്ന കാര്യത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് എത്രയും പെട്ടെന്ന് പരിഗണിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നു.നേരത്തെ രണ്ടു മാസത്തേക്കായിരുന്നു ഹൈക്കോടതി ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ. രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ. യു വി ജോസ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കിയിരുന്നത്. എഫ്‌സിആര്‍എ ലംഘിച്ചെന്നു കാട്ടി സിബിഐ. രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍. നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. കോടതി ഇത് പരിഗണിക്കുകയും ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് നിരീക്ഷിക്കുകയും ചെയ്തു. അതുവരെ ലൈഫ് മിഷന്‍ സിഇഒയ്ക്ക് എതിരായ അന്വേഷണം നിര്‍ത്തി വെക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.കേസ് തിങ്കളാഴ്ച പരിഗണിക്കും.