ലൈഫ് മിഷന്‍ തട്ടിപ്പ്: മുഖ്യമന്ത്രി ഗീബല്‍സിനു പഠിക്കുന്നു- എസ്ഡിപിഐ

പാവങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള കൂരവെക്കുന്നതില്‍ പോലും വീതംവെപ്പു നടത്തി അഴിമതിയുടെ പുതിയ സാധ്യതകളാണ് മുഖ്യമന്ത്രി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Update: 2020-08-20 08:30 GMT

തിരുവനന്തപുരം: ഭവന രഹിതര്‍ക്കു വീടുവെച്ചു നല്‍കാനുള്ള പദ്ധതിയായ ലൈഫ് മിഷനില്‍ നിന്ന് കോടിക്കണക്കിനു രൂപ കമ്മീഷനായി ഇഷ്ടക്കാര്‍ക്ക് വീതംവെക്കാന്‍ അവസരമൊരുക്കിയ ശേഷം നുണപ്രചാരണം കൊണ്ട് നാണം മറയ്ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഗീബല്‍സിനു പഠിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. ലൈഫ് മിഷന്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി നാളിതുവരെ പറഞ്ഞതു മുഴുവന്‍ കളവായിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമിയിലായിരിക്കണം നിര്‍മാണമെന്നും പ്രോജക്ട് കണ്‍സല്‍ട്ടന്‍സിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും മേല്‍നോട്ടത്തിലായിരിക്കണം നിര്‍മാണം നടക്കേണ്ടതെന്നും യുഎഇ കോണ്‍സല്‍ ജനറലും യൂണിടാക് ബില്‍ഡേഴ്സ് മാനേജിങ് പാര്‍ട്നര്‍ സന്തോഷ് ഈപ്പനും തമ്മില്‍ 2019 ജൂലൈ 31ന് ഒപ്പിട്ട ഫ്ളാറ്റ് നിര്‍മാണ കരാറില്‍ പറയുന്നുണ്ട്. എന്നിട്ടും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇതില്‍ പങ്കില്ലെന്ന വാദം 'അച്ചന്‍ പത്തായത്തിലുമില്ല കട്ടിലിനടിയിലുമില്ല' എന്നു പറയുന്നതു പോലെയാണ്. വടക്കാഞ്ചേരിയില്‍ റെഡ് ക്രസന്റ് നടപ്പാക്കുന്നത് 20 കോടിയുടെ ഭവനസമുച്ചയമാണെന്നും ഭവനസമുച്ചയത്തിന് 14.5 കോടിയും ആശുപത്രിക്ക് 5.5 കോടിയുമെന്നു ധാരണാപത്രത്തില്‍ പറയുന്നത്. എന്നാല്‍ ഭവനസമുച്ചയത്തിനു ഭരണാനുമതി നല്‍കിയത് 13.09 കോടി രൂപയ്ക്ക് മാത്രം. ബാക്കി തുക എവിടെ പോയെന്നു പറയാനുള്ള ധാര്‍മിക ബാധ്യത മുഖ്യമന്ത്രിക്ക് ഉണ്ട്. 4.25 കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നല്‍കേണ്ടി വന്നതായി യൂണിടാക് കണ്‍സല്‍ട്ടന്‍സി തന്നെ അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കിയതായി വെളിപ്പെടുത്തിയിരിക്കുകയാണ്. പാവങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള കൂരവെക്കുന്നതില്‍ പോലും വീതംവെപ്പു നടത്തി അഴിമതിയുടെ പുതിയ സാധ്യതകളാണ് മുഖ്യമന്ത്രി വികസിപ്പിച്ചെടുത്തിരിക്കുന്നത്. അഴിമതിയും തട്ടിപ്പും സുഗമമായി നടത്തുന്നതിന് തടസ്സമായി നിന്ന ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റങ്ങള്‍ ഇതിന്റെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തദ്ദേശവകുപ്പ് സെക്രട്ടറിയായിരുന്ന ബി അശോക്, ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന അദീല അബ്ദുല്ല തുടങ്ങിയവരെല്ലാം ഓരോ ഘട്ടത്തിലായി സ്ഥാനം മാറ്റപ്പെട്ടവരാണ്. കോടികളുടെ അഴിമതി നടത്തുന്നതിനായിരുന്നു വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിര്‍മാണപദ്ധതിയില്‍നിന്ന് ഹാബിറ്റാറ്റ് ഗ്രൂപ്പിനെ പുകച്ചു പുറത്തു ചാടിച്ചതെന്ന ആക്ഷേപം അസ്ഥാനത്തല്ല. പിച്ച ചട്ടിയില്‍ കൈയിട്ടു വാരുന്നതിനു സമാനമാണിത്. പാവങ്ങളുടെ കൂര നിര്‍മാണത്തില്‍ പോലും കോടികള്‍ വീതംവെപ്പു നടത്തിയ പിണറായിക്ക് ധാര്‍മിക ബോധം അല്‍പ്പമെങ്കിലും അവശേഷിക്കുന്നു എങ്കില്‍ രാജിവെച്ച് പുറത്തുപോവണമെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Tags:    

Similar News