ലൈഫ് മിഷന്‍: എഫ്‌സിആര്‍എ പ്രകാരമുള്ള കുറ്റം പ്രാഥമികമായി നിലനില്‍ക്കുമെന്ന് സിബി ഐ ; രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാം

ഹരജിയില്‍ 21 നു വാദം തുടരുമെന്നും അന്വേഷണത്തിനു ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്നും കോടതി ഉത്തരവിട്ടു

Update: 2020-12-17 14:37 GMT

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ എഫ്‌സിആര്‍എ ലംഘനമുണ്ടെന്നു സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു.ലൈഫ് മിഷന്‍ പദ്ധിയുമായി ബന്ധപ്പെട്ട് സിബി ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയുടെ ഭാഗികമായുള്ള സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബി ഐ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സിബി ഐ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഹരജിയില്‍ 21 നു വാദം തുടരുമെന്നും അന്വേഷണത്തിനു ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്നും കോടതി ഉത്തരവിട്ടു.

കേസില്‍ എഫ്‌സിആര്‍എ(വിദേശ സംഭാവന നിയന്ത്രണ നിയമം) പ്രകാരമുള്ള കുറ്റം പ്രാഥമികമായി നിലനില്‍ക്കുമെന്നു സിബിഐ കോടതിയില്‍ വാദമുന്നയിച്ചു. കേസ് അന്വേഷണ ഘട്ടത്തിലാണ് ഈ സാഹചര്യത്തില്‍ കേസ് റദ്ദാക്കുന്നത് നിലനില്‍ക്കില്ലെന്നും സിബിഐ വ്യക്തമാക്കി. ലൈഫ് മിഷന്‍ സിഇഒയ്ക്കുമറ്റുമെതിരെയുള്ള അന്വേഷണമാണ് സ്റ്റേ ചെയ്തത്. കേസില്‍ പ്രതിപ്പട്ടികയിലുള്ള യുണിടാകിനെതിരെയുള്ള അന്വേഷണം തടസമില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാരാണ് അന്വേഷണത്തിനു സ്റ്റേ ആവശ്യപ്പെട്ടത്. 

അന്വേഷണത്തിനു സ്റ്റേ അനുവദിച്ച ഉത്തരവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സിബിഐയും പ്രത്യേക ഹരജി സമര്‍പ്പിച്ചിരുന്നു. അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സാഹചര്യത്തില്‍ സ്റ്റേ ഒഴിവാക്കണമെന്നു സിബിഐ ആവശ്യപ്പെട്ടിരുന്നു. യുഎഇയിലെ റെഡ്ക്രസന്റും ലൈഫ് മിഷനുമായുളള ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരിയില്‍ നിര്‍മ്മിച്ച വീടുകള്‍, ഹെല്‍ത്ത് സെന്റര്‍ എന്നിവ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ ക്രമക്കേടുണ്ടെന്നാണ് കേസിനാസ്പദമായ ആരോപണം. എന്നാല്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരോ ഉദ്യോഗസ്ഥരോ വിദേശധനം കൈപ്പറ്റിയിട്ടില്ലെന്നാണ് ലൈഫ്മിഷന്‍ സിഇഒ മുന്‍പ് കോടതിയെ അറിയിച്ചത്.

Tags:    

Similar News