കൊവിഡ് വ്യാപനം: പോലിസ് ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം

ഏതെങ്കിലും തരത്തില്‍ ആരോഗ്യപ്രശ്നങ്ങളുളള ജീവനക്കാര്‍ ഓഫീസുകളില്‍ എത്താന്‍ പാടില്ല. അവര്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാത്തില്‍ ജോലി ചെയ്യാം.

Update: 2020-06-24 11:45 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലിസ് ഓഫീസുകളിലും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് 19 രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനക്രമത്തില്‍ മാറ്റം വരുത്തിക്കൊണ്ടുളള സര്‍ക്കാര്‍ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഓരോ ഓഫീസിലെയും ജോലിയുടെ സ്വഭാവവും സൗകര്യവും അനുസരിച്ച് ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ച് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. ഓഫീസില്‍ ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ വീട്ടിലിരുന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ദൈനംദിന ജോലികള്‍ ചെയ്തുതീര്‍ക്കണം. ഏതെങ്കിലും തരത്തില്‍ ആരോഗ്യപ്രശ്നങ്ങളുളള ജീവനക്കാര്‍ ഓഫീസുകളില്‍ എത്താന്‍ പാടില്ല. അവര്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാത്തില്‍ ജോലി ചെയ്യാം.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദിവസവും ഓഫീസില്‍ ഹാജരായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. ഓഫീസ് ക്രമങ്ങളില്‍ മാറ്റം വരുത്തുന്നതുകൊണ്ട് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ യാതൊരു വീഴ്ചയും വരാന്‍ പാടില്ലെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

ഓഫീസുകളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. ഓഫീസര്‍മാരുടെ ക്യാബിന്‍ ഒന്നിലധികം പേര്‍ ഉപയോഗിക്കന്‍ പാടില്ല. എല്ലാതരത്തിലുളള യോഗങ്ങളും ഓണ്‍ലൈന്‍ വഴി മാത്രം നടത്തണം. നേരിട്ടുളള മീറ്റിങ്ങുകള്‍ ഒരു കാരണവശാലും നടത്തരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags:    

Similar News