കോട്ടയം നഗരസഭയില്‍ വിമതയുടെ പിന്തുണ യുഡിഎഫിന്; ഭരണം തീരുമാനിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും
കോട്ടയം ഡിസിസി ഓഫിസിലെത്തിയാണ് ബിന്‍സി പിന്തുണ അറിയിച്ചത്. ഇതോടെ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്ക് നഗരസഭയില്‍ 22 അംഗങ്ങള്‍ വീതമായി. ഈ സാഹചര്യത്തില്‍ നഗരസഭ ആരുഭരിക്കുമെന്നത് നറുക്കിട്ട് തീരുമാനിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്.
കോട്ടയം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുന്നണികള്‍ക്ക് ഭൂരിപക്ഷമില്ലാത്ത നഗരസഭകളില്‍ ഭരണം കൈയാളുന്നതിനായി സ്വതന്ത്രന്‍മാരുടെ പിന്തുണ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് നേതൃത്വങ്ങള്‍. കോട്ടയം നഗരസഭയിലും ഇത്തരമൊരു സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നത്. നഗരസഭയില്‍ കോണ്‍ഗ്രസ് വിമതയായി മല്‍സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് രാഷ്ട്രീയചര്‍ച്ചകള്‍ സജീവമായത്.
കോട്ടയം ഡിസിസി ഓഫിസിലെത്തിയാണ് ബിന്‍സി പിന്തുണ അറിയിച്ചത്. ഇതോടെ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്ക് നഗരസഭയില്‍ 22 അംഗങ്ങള്‍ വീതമായി. ഈ സാഹചര്യത്തില്‍ നഗരസഭ ആരുഭരിക്കുമെന്നത് നറുക്കിട്ട് തീരുമാനിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്. ആര് ചെയര്‍പേഴ്‌സന്‍ സ്ഥാനം നല്‍കുമോ അവരെ പിന്തുണയ്ക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിനുശേഷമുള്ള ബിന്‍സിയുടെ നിലപാട്.
ഗാന്ധിനഗര്‍ സൗത്ത് വാര്‍ഡില്‍നിന്നാണ് ബിന്‍സി വിജയിച്ചത്. പിന്തുണ ഉറപ്പിച്ച് ഭരണത്തിലെത്താമെന്ന പ്രതീക്ഷ ഇടതുമുന്നണികളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചെയര്‍പേഴ്‌സന്‍ സ്ഥാനം അടക്കം ഇതിനായി വാഗ്ദാനം ചെയ്തിരുന്നതായും വിവരമുണ്ടായിരുന്നു. കോട്ടയത്ത് ഭരണം നഷ്ടമാവുന്നത് വലിയ തിരിച്ചടിയാവുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കം മുതിര്‍ന്ന നേതാക്കള്‍ നേരിട്ടിടപെട്ടാണ് കോണ്‍ഗ്രസ് വിമതയെ അനുനയിപ്പിച്ചതെന്നാണ് വിവരം.
അതേസമയം, അഞ്ചുവര്‍ഷം ചെയര്‍പേഴ്‌സന്‍ സ്ഥാനം കിട്ടിയാല്‍ മാത്രമേ യുഡിഎഫിനെ പിന്തുണയ്ക്കൂ എന്ന് അറിയിച്ചിട്ടുണ്ടെന്നാണ് ബിന്‍സി സെബാസ്റ്റ്യന്‍ ഡിസിസി ഓഫിസിലെത്തി മടങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആകെ 52 സീറ്റുകളുളള നഗരസഭയില്‍ എല്‍ഡിഎഫിന് 22 ഉം യൂഡിഎഫിന് 21 സീറ്റുകളുമാണുള്ളത്. എന്‍ഡിഎ 8 സീറ്റുകളും സ്വതന്ത്ര ഒരുസീറ്റും നേടി.